Wednesday 9 November 2011

ശ്രീ കേരളവര്‍മ്മ എന്ന മുരിങ്ങാച്ചോട്


                                    തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജ് വലിയ ഒരു 'മുരിങ്ങാച്ചോട്' ആണ്. ചെറുകാടുമാഷുടെ മുരിങ്ങാച്ചോട് എന്ന ആശയത്തിന്‍റെ  വികസിതമായ അര്‍ത്ഥം കേരളവര്‍മ്മ കാമ്പസിന് ഉണ്ട്. ക്ളാസ്സുമുറിയില്‍ ഇരുന്ന് കാമ്പസിലേക്കും അവിടെനിന്ന് സമൂഹത്തിലേക്കും ലോകജനപദങ്ങളിലേക്കും ചരിത്രത്തിലേക്കും നോക്കാനുള്ള ത്രാണി  ഒരുപാടു പേര്‍ക്ക് ഉണ്ടായത് ഇവിടെവെച്ചാണ്. അല്ലെങ്കില്‍ ജീവിതകര്‍മ്മമണ്ഡലത്തില്‍ ഒരു കേരളവര്‍മ്മപ്രഭാവം  ആത്മാവിന്‍റെ അയല്‍ക്കാരനായി പ്രവര്‍ത്തിച്ചതുകൊണ്ടാകാം.
കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 18 ഏക്കര്‍ വിസ്തൃതിയുള്ള കാനാട്ടുകര മെറിലാന്റ് പാലസ് കോമ്പൌണ്ട് ആണ് തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജ് ആയി മാറിയത്. 1947 ആഗസ്റ് 11 -ന് കൊച്ചി മഹാരാജാവ് കേരളവര്‍മ്മയുടെ ജ.ദിന ആഘോഷ സ്മാരകമായി കോളേജ് ഇവിടെ ആരംഭിച്ചു. മെറിലാന്റ് പാലസ് വാഴ്ചയൊഴിഞ്ഞ രാജാവ് രാമവര്‍മ്മ രാജര്‍ഷിയുടെ സുഖവസതിയായിരുന്നു . കോളേജ് കവാടത്തില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു വാചകം ഉണ്ട്: “അസ്തു വൃത്തം ശുഭം സദാ.” എന്നെന്നും  ഞാന്‍ വിശുദ്ധിയില്‍  ജീവിക്കും. ഇതാണ് എന്നെ  സംബന്ധിച്ചിടത്തോളം ശ്രീകേരളവര്‍മ്മ കോളേജിന് സംസ്കാരം. 1925-ല്‍  മഹാത്മജി ഈ പാലസില്‍  വന്നു   താമസിച്ചിട്ടുണ്ട്.  തൃശൂരിലെ ആദ്യത്തെ മിക്സഡ് കോളേജും ഇതാണ്. ഇതൊരു വലിയ ഇച്ഛാശക്തിയുടെ ഊര്‍ജ്ജകേന്ദ്രമാണ്. ഈ സ്ഥാപനം ഇത്തരത്തില്‍  രൂപപ്പെട്ടതിന്‍റെ കാരണം വലിയ  ലക് ഷ്യവും അറിവിന്‍റെ ഹിമാലയം കീഴടക്കിയ പാണ്ഡിത്യവും ഉള്ളവര്‍ നിരന്തരമായി ഈ കോളേജിലെ അധ്യാപനവേദികളില്‍  ഉണ്ടായിരുന്നതാണ്. 
പ്രൊഫ.പി.ശങ്കരന്‍നമ്പ്യാരില്‍  തുടങ്ങുന്നു   ആ മഹത്തായ പാരമ്പര്യം. എന്‍.വി.കൃഷ്ണവാര്യരും, കക്കാടും, കെ.പി.നാരായണപിഷാരോടിയും പ്രൊഫ.വി.അരവിന്ദാക്ഷനും പ്രൊഫ.ആര്‍.രാമചന്ദ്രയ്യരും പ്രൊഫ.ഐ.പി.ബാലഗോപാലും പ്രൊഫ.വെങ്കിട്ടരാമനും പ്രൊഫ.ടി.സി.കെ.മേനോനും കെ.പി.ശങ്കരനും ദാമോദരന്‍ കാളിയത്തും എം.സി.രാധാകൃഷ്ണനും പി.നാരായണമേനോനും ഡോ.കാവുമ്പായി ബാലകൃഷ്ണനും പ്രൊഫ.ടി.എ.ഉഷാകുമാരിയും പ്രൊഫ. ആര്‍.ഗോപാലകൃഷ്ണപിള്ളയും ഡോ.കല്പറ്റ ബാലകൃഷ്ണനും തുടങ്ങി അങ്ങനെ പോകുന്ന  വലിയ നിരയില്‍  ഇപ്പോള്‍ ഡോ.എന്‍.അനില്‍ കുമാറും പ്രൊഫ.വി.ജി.തമ്പിയും ഡോ.വി.കെ.വിജയനും പ്രൊഫ.എന്‍.ആര്‍.അനില്‍  കുമാറും ഡോ.അജിത്കുമാറും ഡോ.സി.ആര്‍.രാജഗോപാലനും ഒക്കെയേയുള്ളു.
കാമ്പസിലെ കരിപുര- അക്ഷരങ്ങള്‍ നിറഞ്ഞ ചുമരുകളും വലിയ ജീവിതപാഠങ്ങള്‍ നല്കിയിരുന്നു . ഒരു പക്ഷേ ക്ളാസ്സുമുറികളിലെ പഠനത്തേക്കാള്‍ അധ്യാപകരുമായുള്ള അനൌപചാരിക  കൂടിക്കാഴ്ചകളും കൂട്ടായ്മകളുമാണ് സിലബസിലേക്കുള്ള ദിശാബോധവും പഠനജാഗ്രതയും നല്കിയത്. ഏതു സിലബസിനും ഒരു  ever expanding horizon ഉണ്ടന്നു  വിദ്യാര്‍ത്ഥികള്‍ അറിഞ്ഞത് അധ്യാപകരോടൊപ്പമുള്ള നടത്തത്തിലൂടെയാണ്. മരച്ചുവടുകളിലേയും  കാന്‍റീനിലേയും സല്ലാപങ്ങള്‍ സംവാദത്തിലേക്കും സമരോത്സുകമായ  ജീവിതപ്രയാണത്തിലേക്കുമാണ് വിദ്യാര്‍ത്ഥികളെ നയിച്ചത്. എസ്.എഫ്.ഐ.ക്കാരന്‍ ലാറ്റിനമേരിക്കയ്ക്ക് നേര്‍ക്കുള്ള സാമ്രാജ്യത്വ കടന്നാക്രമണത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ കെ.എസ്.യു.ക്കാരനും ഏ.ബി.വി.പി.ക്കാരനും ചൈനയിലെയും സോവിയറ്റ് യൂണിയനിലേയും ജനാധിപത്യനിഷേധത്തെക്കുറിച്ച് സംസാരിക്കും. ഏ.ബി.വി.പി.ക്കാരന്‍ ഒരുപടികൂടി കടന്നു  റഷ്യയില്‍  ഭഗവത്ഗീത ധാരാളം പേര്‍ പടിക്കുന്നുണ്ടന്നും  ലോകം ഭാരതീയസംസ്കാരത്തിലേക്ക് വരികയാണെന്നും  പറയും. ശ്രീകേരളവര്‍മ്മയില്‍  അരാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നും  തകരപോലെ ആയിരുന്നു . ഒരിക്കലും അതിന് ഋതുഭേദങ്ങളെ അതിജീവിച്ച് വളരാനായിട്ടില്ല . ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കേരളവര്‍മ്മ അത്തരം സംഘടനകളെ പാടെ തിരസ്കരിച്ചു.
 കായികരംഗത്തും കലാരംഗത്തും ശ്രീകേരളവര്‍മ്മ ഉജ്ജ്വലമായ പ്രവാഹങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് പാവങ്ങളായി കാമ്പസില്‍  വന്നുപോകുന്നവരെയും ജഗജില്ലികളെയും അക്കൂട്ടത്തില്‍  പലപ്പോഴും കൌതുകപൂര്‍വ്വം നോക്കിക്കണ്ടിട്ടുണ്ടു  ‘അവനൊന്നുമല്ലാ  ’ എന്നു ചിന്തിക്കാന്‍ തുടങ്ങുന്ന  വേളയില്‍  അവന്‍ പത്രത്താളില്‍  ചിരിച്ച മുഖവുമായി വാര്‍ത്തയില്‍  നിറഞ്ഞുനില്ക്കുന്നത് ഞാന്‍ 
കണ്ടിട്ടുണ്ട്. കേരളവര്‍മ്മ കാമ്പസ്  ഒരു വലിയ സാമൂഹികത കേരള സമൂഹത്തില്‍  ഉണ്ടാക്കിയിട്ടുണ്ട്  . ഗാഢമായ ഒരു  സൗഹൃദത്തിന്ന്‍റെ സംസ്കാരം അതിനു ണ്ട് . ഏതു ഇരുട്ടിലും വഴികാട്ടിയാവുന്ന  സുഹൃത്തുക്കളുടെ ഒരു വലിയ നിര. ഏതു കാര്യത്തിലും ഒരു SKVC touch. .  രാഷ്ട്രീയത്തിലും സാഹിത്യത്തിലും കലയിലും കായികരംഗത്തും സിനിമയിലും പത്രപ്രവര്‍ത്തനത്തിലും ശാസ്ത്രരംഗത്തും ആ പ്രഭാവം ഇന്നു  ശക്തിയാര്‍ജ്ജിക്കുകയാണ്. സദാചാരനിഷ്ഠമായ സാമൂഹ്യബോധം ഉള്ളവര്‍. ജീവിതത്തിനെ ധീരമായി അഭിമുഖീകരിക്കാന്‍ പഠിച്ചവര്‍. ലോകത്തിന്റെ ഏതു കോണിലും എത്തുന്നു  കേരളവര്‍മ്മക്കാര്‍ ഒരു ഗോത്രമായി സംഘംചേരുന്നു .
അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള ശ്രീകേരളവര്‍മ്മ കാമ്പസിനെ രൂപപ്പെടുത്തിയതില്‍ SFI ക്ക്   നിര്‍ണ്ണായക പങ്കുണ്ട്  ഇക്കാലം തൊട്ട് ഇവിടെ വളരെ വികസിതമായ വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥിബന്ധം രൂപപ്പെട്ടിട്ടുണ്ട്  അതിന്‍റെ ഉദാഹരണം, റാഗിങ്ങ് വളരെ മുമ്പേ ഒഴിഞ്ഞുപോയ ഒരു കാമ്പസാണിത് എന്നതാണ്. എണ്‍പതുകളിലൊക്കെ കേരളത്തിലെ കാമ്പസുകളില്‍  റാഗിങ്ങ് ശക്തമായ സാന്നിദ്ധ്യമായിരുന്നു . എന്നാല്‍  ശ്രീകേരളവര്‍മ്മ അത് എഴുപതുകളില്‍ തന്നെ  നിര്‍ത്തലാക്കി. ഇരുപത്തിയൊന്നാം   നൂറ്റാണ്ടിലും കേരളത്തിലെ കാമ്പസുകളില്‍  റാഗിങ്ങിന്റെ പേരില്‍  അനിഷ്ടസംഭവങ്ങളും ക്രിമിനല്‍  നടപടികളും ഇടയ്ക്കിടെ ഉണ്ടാകുന്നു
                                                      അടിയന്തിരാവസ്ഥയോടുകൂടി രൂപപ്പെട്ട കാമ്പസ് അന്തരീക്ഷം വളരെ വിശാലമായിരുന്നു . പരിവര്‍ത്തനവാദികളുടെ പ്രതിനിധികളായ ജോസ് ചിറമ്മലും മറ്റും ധീരമായി അടിയന്തിരാവസ്ഥയോട് പ്രതികരിച്ചിട്ടുണ്ട്. അങ്ങനെപ്പിനെ   സൂര്യനു കീഴിലുള്ള എല്ലാ  വിഷയങ്ങളിലും ശ്രീകേരളവര്‍മ്മ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കാന്‍ തുടങ്ങി. ആവിഷ്കാരസ്വാതന്ത്യം , പരിസ്ഥിതിപ്രശ്നം, സാര്‍വ്വദേശീയ ഐക്യദാര്‍ഢ്യം, പ്രിന്‍സിപ്പലിന്‍റെ മുഷ്കിനെതിരെ സമരം, അനധികൃത പിരിവുകള്‍ക്കെതിരെ സമരം. ഓരോ സമരവും കേരളവര്‍മ്മയെ പ്രബുദ്ധമാക്കുകയേ ഉണ്ടായിട്ടുള്ളു. രാഷ്ട്രീയത്തിലും ഇവിടെ ഒരു സര്‍ഗ്ഗാത്മകത ഉണ്ടായിരുന്നു . അതില്‍ നിന്നും  ഒരു വസ്തുത എനിക്കു മനസിലായി. ആശയപരമായ സംഘട്ടനം ഏറ്റവും അധികം നടന്നിടത്താണ് ആയുധംകൊളള സംഘട്ടനവും ഉണ്ടായിവരിക. വിചിത്രമെന്നു  തോന്നാവുന്ന  ഒരു പ്രസ്താവന ആണെങ്കിലും അതിലൊരു വലിയ വസ്തുതയുണ്ട്. നിലപാടുകളിലുള്ള ഉറച്ച ബോധ്യവും നിശ്ചയദാര്‍ഢ്യവും അങ്ങനെയാണ് പരിണമിക്കുക. ജനാധിപത്യവിരുദ്ധമായ ആശയപദ്ധതികളും പ്രവര്‍ത്തനശൈലികളും നിലനില്‍ക്കുമ്പോള്‍ സഹിഷ്ണുതാപരമായ പ്രവര്‍ത്തനം പോലും അസാധ്യമാണ്.
                                               പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ സംഘര്‍ഷത്തിന്റെ അന്തരീക്ഷം മൂലം സ്വന്തം സഖാക്കളെ സംരക്ഷിക്കുന്നതിന് ഫൈനല്‍  പരീക്ഷയുടെ തലേ ദിവസം വരെ കാമ്പസില്‍  കാവലാളായി വരേണ്ടി വന്നിട്ടുണ്ട്. അപ്പോള്‍ അവരില്‍  ചിലര്‍ക്ക് പരീക്ഷ നടക്കുകയായിരുന്നു . അപ്പോഴെല്ലാം അക്കാദമികപഠനത്തേക്കാള്‍ വലുതായ മറ്റുചില മൂല്യങ്ങള്‍ക്കുവേണ്ടിയാണ് നിലകൊണ്ടത്. അക്കാദമികപഠനത്തിന്‍റെ പ്രാധാന്യത്തിന്‍റെ പ്രശ്നവുമായി   അത്. മനുഷ്യനായി ജീവിക്കാന്‍ തീരുമാനിച്ചാല്‍  ചില നഷ്ടങ്ങളുണ്ടാകും എന്നറിഞ്ഞുകൊള്ളണ്ടുള്ള തീരുമാനമാണത്.
                                'അന്യജീവനുതകി സ്വജീവിതം/ധന്യമാക്കുമമലേ വിവേകികള്‍' എന്നതായിരുന്നു  ഞങ്ങളെ നയിച്ച വികാരം. ഇരുപതാംനൂറ്റാണ്ടിലെ കേരളം കണ്ട ഏറ്റവും വലിയ വിദ്യാര്‍ത്ഥിയായ ഇ.എം.എസ്. സെന്‍റ: തോമസ് കോളേജിലെ ബി.എ. ഫൈനല്‍  പരീക്ഷ വേണ്ടന്നുവെച്ചത് അക്കാദമികപ്രാധാന്യം അറിയാഞ്ഞിട്ടല്ല. അക്കാദമിക ഔന്നിത്യവും ഇല്ലാഞ്ഞിട്ടല്ല . ദേശീയപ്രസ്ഥാനകാലത്ത് വിദ്യാലയം വിട്ടിറങ്ങാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തപ്പോള്‍ ഇറങ്ങിവന്നവര്‍ ജീവിതത്തിന്റെ സര്‍വ്വകലാശാലയിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു  എന്നോര്‍ക്കണം.
                                                      കേരളത്തിലെ   sfi ഉണ്ടാക്കിയ   പൊതുജനാധിപത്യവേദികള്‍ ഇന്ത്യക്കാകെ മാതൃകയായിരുന്നു . അതിന്‍റെ ഏറ്റവും വലിയ ഒരു പരീക്ഷണകേന്ദ്രമായിശ്രീകേരളവര്‍മ്മ പരിണമിച്ചു. കോളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ വലിയ വിദ്യാഭ്യാസപദ്ധതിയായിരുന്ന  കാലം ഉണ്ടായിരുന്നു . നിത്യനൂതനത്വമുള്ള ആശയങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കണമെന്ന  ബോധം, നാളിതുവരെയുള്ള എല്ലാ  വിജ്ഞാനത്തിന്റെയും സംരക്ഷകര്‍ വിദ്യാര്‍ത്ഥികള്‍ ആകണമെന്നബോധം. അതുപോലെ എപ്പോഴും സമരസജ്ജമായൊരു മനസ്സ്...എല്ലാം  അക്കാലത്തെ
   കാമ്പസ് ഞങ്ങളിലുണ്ടാക്കി.
വായനയുടെ അനുഭവമണ്ഡലം
ഏതു സിലബസിന്‍റെയും പരിമിതികളെ അതിലംഘിക്കുന്ന  ഒരു വായനാമണ്ഡലം കേരളവര്‍മ്മയില്‍  ഉണ്ടായി  യിരുന്നു . പുസ്തകങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന  അധ്യാപകര്‍, പുതിയ കാലത്തിന്റെ സംഘര്‍ഷങ്ങളെ അപ്പപ്പോള്‍ ഏറ്റുവാങ്ങുന്ന  വിദ്യാര്‍ത്ഥിസംഘടനാപ്രവര്‍ത്തകര്‍ നാടകവും സംഗീതവും  കലയും സിനിമയും പരിസ്ഥിതിപ്രവര്‍ത്തനങ്ങളും അക്കാദമികപ്രവര്‍ത്തനങ്ങളും സെമിനാറുകളും ഒത്തുചേരുന്ന  സര്‍ഗ്ഗാത്മക അന്തരീക്ഷം. ഇതെല്ലാമാണ് കേരളവര്‍മ്മയുടെ ക്ളാസ്സുമുറികളെ ലോകബോധത്തിലേക്കും മാനവീയതാബോധത്തിലേക്കും ഉണര്‍ത്തിയിരുന്നത്.
കാമ്പസിലെ സംഘടനാബാധ്യതകളും ഉത്തരവാദിത്തങ്ങളും മൂലം പൊതുവെ ക്ളാസ്സില്‍  കയറാന്‍ കഴിയാത്ത വിഭാഗത്തോട് വളരെ ഉദാരമായാണ് അധ്യാപകര്‍ പെരുമാറിയിട്ടുള്ളത്. ഏതു തിരക്കുകള്‍ക്കിടയിലും ചില അധ്യാപകരോടുള്ള ആദരവ് ഞങ്ങളെ ക്ളാസ്സുമുറിയില്‍  എത്തിച്ചിരുന്നു . പൊളിറ്റിക്സ് ക്ളാസ്സില്‍  സി.കെ.വര്‍ഗീസ് മാസ്റ്റ്റോടുള്ള ആദരവും ലോകകാര്യങ്ങള്‍ കേള്‍ക്കുന്നതിനുള്ള താല്‍പ്പര്യവും നിമിത്തം ഇന്നത്തെ പ്രസിദ്ധ ഫിലോസഫി അദ്ധ്യാപകനായ ഡോ.ടി.വി.മധുവും പ്രസിദ്ധ ഫുട്ബോള്‍ താരമായിരുന്ന  സി.വി.പാപ്പച്ചനും ക്ളാസ്സിലെത്തുമായിരുന്നു .
                                          ഇ.രാജന്‍
മാസ്റ്റ്റുടെയും പി.വി.കൃഷ്ണന്‍നായര്‍ മാസ്റ്റ്റുടെയും ക്ളാസ്സിന്‍റെ  സുഖം ഞാനറിഞ്ഞത് സംഘടനാപ്രവര്‍ത്തകന്‍ എന്ന  നിലയില്‍  ആണ്. അവര്‍ ഔപചാരികമായി ഗുരുക്കന്മ്മാര്‍  അല്ലെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍, അദ്ധ്യാപക-വിദ്യാര്‍ത്ഥിബന്ധത്തെ  ത്തെ സര്‍ഗ്ഗാത്മകമാക്കിയിട്ടുണ്ട് . വലിയ ലക്ഷ്യങ്ങളിലേയ്ക്ക്, വലിയ പുസ്തകങ്ങളിലേയ്ക്ക് അവര്‍ നയിച്ചുകൊണ്ടിരുന്നു . കാമ്പസില്‍  നില്ക്കുമ്പോള്‍ ക്ളാസ്സു മുറികള്‍ക്കുള്ളില്‍  എന്തു സംഭവിക്കുന്നു  എന്നു  മനസ്സിലാക്കാന്‍ പഠിപ്പിച്ചത് അവരെല്ലാ മാണ്. സംഘടനാപ്രവര്‍ത്തകരായ ഞങ്ങള്‍ക്കുള്ള വലിയ അനുഭവപാഠങ്ങള്‍ സമ്മാനിച്ചത് ആര്‍.ജി.യെപ്പോലുള്ള വലിയ അദ്ധ്യാപകരാണ്. പല വിദ്യാര്‍ത്ഥികളുടെയും അന്നദാതാവും അദ്ദേഹമായിരുന്നു.
ഇന്ന്  ഈ സ്ഥാപനത്തെക്കുറിച്ചുള്ള ഒരു പ്രധാനവിമര്‍ശനം സിലബസ് പഠനത്തിന്‍റെയും പാഠ്യേതരപ്രവര്‍ത്തനത്തിന്‍റെയും അനുപാതം തെറ്റുന്നു  എന്നതാണ്. അങ്ങനെ സംഭവിച്ചുകൂടാ. ബിരുദം വെറുമൊരു പീറക്കടലാസ് എന്നു  വിളിപ്പിച്ചിരുന്നവര്‍ റാങ്ക് നേടിയതാണ് കേരള വര്‍മ്മയുടെ പാരമ്പര്യം. ഹോസ്റ്റലിലെ കുശിനിക്കാരനും ഒപ്പം പഠിച്ച് റാങ്കു നേടിയ പാരമ്പര്യം വേറെ എവിടയുണ്ട് ?  ചുമട്ടുതൊഴിലാളിയായ ജോണ്‍സന്‍ കെ.മംഗലവും ബിരുദം റാങ്കോടെ നേടി. സൌഹൃദത്തിന്‍റെയും ഇച്ഛാശക്തിയുടെയും മഹത്തായ സ്രോതസ്സ് ആ സാക്ഷാത്കരണത്തില്‍  ആദ്യന്തം പ്രവര്‍ത്തിച്ചിട്ടുണ്ട് . അതുപോലെ പരീക്ഷയടുത്തപ്പോള്‍ ആധികയറിയ നീലന്‍, ലീലാകരന്‍മാഷിന് കത്തയച്ചപ്പോള്‍ വെക്കേഷന്‍ കാലത്ത് രണ്ടാഴ്ച  വീട്ടില്‍  ചെന്ന്  ആ വിദ്യാര്‍ത്ഥിയെ പഠിപ്പിച്ചു. അങ്ങനെയുള്ള അധ്യാപകരുടെ പാരമ്പര്യം. ഭാനുമതി ടീച്ചറെപ്പോലെ കാരുണ്യത്തിന്‍റെ പാഠങ്ങള്‍ പഠിപ്പിക്കുന്നവര്‍. എല്ലാം  ഉണ്ടാകുമ്പോഴും പഠനം തന്നെയയാണ് ആത്യന്തികമായ ലക്ഷ്യം. അക്കാദമികമായ താല്‍പ്പര്യം ഒരു വിദ്യാര്‍ത്ഥിയിലും നഷ്ടമാക്കാന്‍ പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ ഇടയാക്കിക്കൂടാ. ലെനിന്‍ പറഞ്ഞതുപോലെ 'നിങ്ങള്‍ ഒന്നാമതായി  പഠിക്കുക, രണ്ടാമതായി പഠിക്കുക, മൂന്നാമതായി പഠിക്കുക.' സിലബസിലും ധാരാളം പുസ്തകമുണ്ട്  സിലബസിനപ്പുറത്തും ധാരാളം പുസ്തകമുണ്ട്   അതും സിലബസിന്റെ ഭാഗം തന്നെയാണ് കാണാന്‍ വലിയ കണ്ണുവേണമെന്നെയുള്ളു.  നല്ല  പുസ്തകങ്ങളുമായുള്ള ബന്ധം വേര്‍പെടുന്നിടത്ത് തന്നിലെ  വിദ്യാര്‍ത്ഥിയെ താന്‍ കൊന്നു  എന്നുതന്നെയാണ് അര്‍ത്ഥം. 
                                             സംഘടനാവശ്യങ്ങള്‍ക്കുവേണ്ടി സംഭാവന ചോദിക്കുമ്പോള്‍ മുഖം കറുപ്പിക്കാതെ എടുത്തുതരുന്ന  അദ്ധ്യാപകരുണ്ട് . കൂട്ടത്തിലുള്ള പലര്‍ക്കും പണം ചോദിക്കാന്‍ മടിയാണ്. കടം പറഞ്ഞു വാങ്ങുന്നതും കൊടുക്കാന്‍ പറ്റാറില്ല . ഒരിക്കല്‍  കാവുമ്പായിമാഷുടെ അടുത്ത് ഒരു കാമ്പയിനുവേണ്ടി  പോസ്റര്‍ എഴുതാന്‍ പണം കടം ചോദിച്ചു  . അടുത്തയാഴ്ച മടക്കിത്തരാം എന്നു പറഞ്ഞാണ് കാര്യം പറഞ്ഞത്. ഉടനെ മാഷ് പറഞ്ഞു. മടക്കിത്തരുന്നകാര്യം പറയാന്‍ വരട്ടെ. എത്ര വേണമെന്നു  പറഞ്ഞാല്‍  മതി. ഇങ്ങനെ ആര്‍.ജി.മാഷില്‍ നിന്നും  കാവുമ്പായി മാഷില്‍നിന്നും  വിജയന്‍മാഷില്‍ നിന്നും  കുറെ വാങ്ങിയിട്ടുണ്ട് ഒന്നും  തിരിച്ചുനല്‍കാനായിട്ടില്ല. എനിക്ക് ഫീസടക്കാന്‍ ഒരിക്കല്‍  വര്‍ഗ്ഗീസ് മാഷാണ് പണം തന്നത്.  ഇങ്ങനെ പല അദ്ധ്യാപകരുടെ അടുത്തും മറ്റു പലര്‍ക്കുവേണ്ടിയും ഇരന്നിട്ടുണ്ട് .
ശ്രീകേരളവര്‍മ്മയുടെ സമരാനുഭവങ്ങള്‍
    വളരെ വലുതാണ് ഇവിടത്തെ സമരാനുഭവങ്ങള്‍. ഒരു പ്രൈവറ്റ് കോളേജിന്റെ പ്രിന്‍സിപ്പലിനെ ആറുമാസം സസ്പെന്‍റ ചെയ്യിക്കുക, കുറ്റപത്രം നല്‍കിയിട്ടുന്ടന്നു  പറഞ്ഞ് കോടതി അദ്ദേഹത്തിന്റെ പുനഃസ്ഥാപിക്കാന്‍ ഉത്തരവിടുക. കോടതി ഉത്തരവ് വകവെയ്ക്കാതെ വീണ്ടും  സമരം ചെയ്യുക. 
വീണ്ടും ചാര്‍ജ്ജ്ഷീറ്റ് നല്‍കി പ്രിന്‍സിപ്പലിനെ സസ്പെന്റ് ചെയ്യുക. ഇത് ശ്രീകേരളവര്‍മ്മയിലല്ലാതെ ഇന്ത്യയില്‍  മറ്റൊരിടത്തും നടന്നിട്ടില്ലന്നു  എസ്.എഫ്.ഐ.യുടെ ഒരു അഖിലേന്ത്യാപ്രവര്‍ത്തനരേഖ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . കോടതി ഉത്തരവു വന്നപ്പോള്‍ അന്നു  ഞങ്ങള്‍ വിളിച്ച മുദ്രാവാക്യത്തിന് ഇന്നും  ചൂടുണ്ട്
    എന്ത് കോടതി? ഏതു കോടതി?
    ഏതു കോടതി വിട്ടാലും
    പിറകോട്ടില്ല  പിറകോട്ടില്ല
    സമരം ഞങ്ങള്‍ വിജയിപ്പിക്കും
    ഞങ്ങടെ ചങ്കിലെ ശബ്ദംകൊണ്ട്
    ഞങ്ങടെ നെന്ജിലെ രക്തംകൊണ്ട്
    ഞങ്ങളീസമരം വിജയിപ്പിക്കും
    നീതിയ്ക്കായി പോരാടും
    ഹോള്‍ടിക്കറ്റ് തട്ടിയെടുത്ത്
    വിദ്യാര്‍ത്ഥിയുടെ ഭാവിതുലച്ച
    പ്രിന്‍സിപ്പളൊരു ക്രിമിനല്‍ തന്നേ
    കോടതിയെന്തിത് കാണുന്നില്ല ?
അറ്റന്റ്റന്‍സ് ഷോര്‍ട്ടേജ് പറഞ്ഞു പ്രിന്‍സിപ്പല്‍  വിദ്യാര്‍ത്ഥികളോട് രാഷ്ട്രീയ പക പോക്കിയതിനും സമരം ചെയ്തിട്ടുണ്ട് . ഊട്ടിയിലെ മരംമുറിവിരുദ്ധ സമരവും കേരളശ്രദ്ധ നേടിയിട്ടുള്ളതാണ്.
കാമ്പസിലെ തിളച്ചുമറിയുന്ന  വിദ്യാര്‍ത്ഥിജീവിതത്തില്‍  പങ്കെടുക്കാനാവാതെ നോക്കുകുത്തികളായി നിന്നവര്‍പോലും പില്‍ക്കാലത്ത് രാഷ്ട്രീയനേതാക്കളായി ഉയര്‍ന്നത് കണ്ടിട്ടുണ്ട് . അവരില്‍  ചിലര്‍ അക്കാലത്തെ കാമ്പസിന്റെ ജൈവികതയെക്കുറിച്ച് ഊറ്റംകൊണ്ട്  പറയുന്നത് അടുത്ത കാലത്ത് ഞാന്‍ കേട്ടുനിന്ന് ആസ്വദിച്ചിട്ടുണ്ട് . തീക്ഷ്ണമായ പ്രവര്‍ത്തനരീതിയില്‍  മുങ്ങിനിവരാനുള്ള പ്രാപ്തിയില്ലായ്മ ആണ് അന്ന്  ഇങ്ങനെയുള്ള പലരിലും ഉണ്ടായാതെന്ന്   പറയേണ്ടതില്ലല്ലോ . കേരളവര്‍മ്മയിലെ സംഘടനാപ്രവര്‍ത്തനം എന്നത് ഭാരിച്ച ഒരു ജോലിതന്നെയാണ്.
                                                         ചുമരുകളില്‍  മുദ്രാവാക്യം എഴുതുതിയതിനെ എതിര്‍ക്കുന്ന അധ്യാപകര്‍ അന്നുമുണ്ട് . ‘നാക്കി’ന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് ഒത്ത് ചുവടുവെക്കേ- ഗതികേട് ഇന്നുമുണ്ട് . അല്ലങ്കില്‍  'നാക്ക്' വരുമ്പോഴേ നാം ഉണരൂ. എന്നാല്‍  കാമ്പസിന്‍റെ ചുമരുകളിലെ എഴുത്തുകളും പോസ്ററുകളും വിദ്യാത്ഥികളില്‍   വലിയ ചിന്തകള്‍ ഉണര്‍ത്തിയിരുന്നു. ജീവിതത്തെ ഉദാത്തമാക്കുന്ന  എത്ര കവിതാശകലങ്ങളും മുദ്രാവാക്യങ്ങളും മാസങ്ങളോളം മനോഹരമായ പോസ്ററ റില്‍  സ്ഥാനം പിടിച്ച് കിടക്കുന്നത്, ആവര്‍ത്തിച്ചുള്ള വായന സാധ്യമാക്കിയിരുന്നു . മിക്ക ദിവസവും അവ ആസ്വദിച്ച് വായിച്ചാണ് ക്ളാസ്സിലേക്ക് വരുന്നതും പോകുന്നതും. അന്നത്തെ ചില ആശയങ്ങളില്‍  പ്രധാനമായത് ഒന്നിതാണ്. “അന്യന്‍റെ വാക്കുകള്‍ സംഗീതംപോലെ ആസ്വദിക്കുന്ന  ഒരു കാലം വരും.” പോസ്റര്‍രചനയിലും, ചുവരെഴുത്തിലും ബ്രെഹ്തിനെയും നെരുദയേയും ഗ്രാംഷിയേയും കാസ്ട്രോയേയും ചെഗുവേരയേയും മണ്ടേലയേയും എല്ലാം  സമൃദ്ധമായി ഉദ്ധരിക്കുന്ന   കാലമാണത്. പാം നിമൊയ്ള്ളറുടെ ഈ കവിത വളരെ സമൃദ്ധമായി ഉദ്ധരിച്ചിരുന്നു .
    ആദ്യം അവര്‍ ജൂതന്‍ മാരെ പിടികൂടി
    ഞാന്‍ മൌനം പാലിച്ചു
    കാരണം ഞാന്‍ ജൂതന
ല്ലല്ലോ     പിന്നെയവര്‍ കമ്യൂണിസ്റുകളെ പിടികൂടി
    ഞാന്‍ മൌനം പാലിച്ചു
    കാരണം ഞാന്‍ കമ്യൂണിസ്റല്ലല്ലോ .
    പിന്നെയവര്‍ കത്തോലിക്കരെ പിടികൂടി
    ഞാന്‍ മൌനം പാലിച്ചു
    കാരണം ഞാന്‍ കത്തോലിക്കനല്ലല്ലോ
    പിന്നെയവര്‍ എന്നെപിടികൂടി
    അപ്പോള്‍ എനിക്ക് വേണ്ടി  സംസാരിക്കാന്‍
    ആരും അവശേഷിച്ചില്ലായിരുന്നു......
ഒക്ടോവിയോ പാസിന്റെ സൂര്യശിലയും (കടമ്മനിട്ടയുടെ തര്‍ജ്ജമ) കടമ്മനിട്ടയുടെയും സച്ചിദാനന്ദന്‍റെയും വരികളും പോസ്റ്ററിന്റെന്‍റെ കറുപ്പിലും ചുകപ്പിലും ജാഗ്രത്തായി കണ്ടു  ലോകകവിതകളുടെ മൂര്‍ച്ചയും സൌന്ദര്യവും അന്നത്തെ വിദ്യാര്‍ത്ഥിരാഷ്ട്രീയപ്രവര്‍ത്തനത്തിന് ഉണ്ടാക്കിയത് സച്ചിദാനന്ദന്‍റെ സംഭാവനയാണ്. അതുപോലെ മുദ്രാവാക്യത്തിന് മൂര്‍ച്ചയും  കവിതയുടെ സാന്ദ്രഭാവങ്ങളും ചേര്‍ന്നൊരു   ഭാവുകത്വം രാവുണ്ണിയുടെ മുദ്രാവാക്യങ്ങള്‍ക്കും ഉണ്ടായിരുന്നു . എസ്.എഫ്.ഐ. സംസ്ഥാനക്കമ്മിറ്റിക്കു ചെല്ലുമ്പോള്‍ രാവുണ്ണി എഴുതിയ മുദ്രാവാക്യങ്ങള്‍ ചോദിച്ചുവാങ്ങിയിട്ടുള്ള അനുഭവം പി.എസ്.ഇക്ബാല്‍  പറയാറുണ്ട് . കെ.ജി.ശങ്കരപ്പിള്ളയുടെ കഷണ്ടി എന്ന  കവിതയിലെ വരികളും വളരെ സമൃദ്ധമായി പോസ്ററുകളിലും നോട്ടീസുകളിലും പ്രത്യക്ഷപ്പെടാറുണ്ട് .
കൂട്ടൂകാരാ, ഭീരുത്വം മൂലം
ഒരിക്കലും ഒരു പട്ടി കുരയ്ക്കാതിരിക്കുന്നില്ല
ഇതാ കാലന്‍, ഇതാ കള്ളന്‍
ഇതാ ജാരന്‍, ഇതാ പോസ്റ്റുമാന്‍
ഇതാ പിരിവുകാരോ വിരുന്നുകാരോ വരുനെന്നു 
പട്ടി എപ്പോഴും സ്വന്തം ദര്‍ശനം
അപ്പാടെ വിളിച്ചുപറയുന്നു
ഒരു ദൈവത്തിന്‍റെയും  വാഹനമല്ലാത്തവന്‍.
കൂട്ടുകാരാ, പറയേണ്ടതു പറയാതെ
ഒരു പട്ടിപോലുമല്ലാതെ
വാലുപോലുമില്ലാതെ
നരകത്തില്‍പ്പോലും പോകാതെ
ഈ സൌധങ്ങളില്‍  നാം ചീഞ്ഞുനാറുന്നു .
തീക്ഷ്ണവിശുദ്ധമായ ഒരു മാനവീയത. അനീതിയുടെ ചെറിയ കണികകളോടുപോലും കലഹിക്കുന്ന  ഒരു മാനസികാവസ്ഥ,എല്ലാറ്റിലും സര്‍ഗ്ഗാത്മകതയുടെ ഒരിതളെങ്കിലും വേണമെന്ന ശാഠ്യം. സര്‍വ്വത്തിലും നവീനത ജന്യമാക്കുന്നു  ഒരു മഹാസന്നദ്ധത...എല്ലാം , സമൃദ്ധമായി വിളഞ്ഞിരുന്ന  ഒരു കൂട്ടായ്മയുടെ സംഘബോധത്തിന്‍റെ കാലമാണത്. തി.യെ അതിന്റെ ഏതു രൂപത്തില്‍  കണ്ടാലും   എതിര്‍ക്കാനുള്ള ഇച്ഛാശക്തി അന്നത്തെ വിദ്യാര്‍ത്ഥിക്കുണ്ട്  എടുക്കുന്ന  നിലപാടുകളില്‍  ഒരു ഉയര്‍ന്ന ശരിയുണ്ടാകും. അതിന്‍റെ പിന്നില്‍ എല്ലാവരും  വരും ചേര്‍ന്നുനില്ക്കും. മൂപ്പിളമ്മ തര്‍ക്കമില്ല .
ജാഗ്രതയും ജരാവസ്ഥയും
ശ്രീകേരളവര്‍മ്മ കോളേജില്‍  എന്‍റെ കാലം എണ്‍പതുകളാണ് എന്ന്  പൊതുവെ പറയാം. തൊണ്ണൂറുകളുടെ ആദ്യവര്‍ഷങ്ങളിലും ഞാനവിടെ വിദ്യാര്‍ത്ഥിയായത് 'പഠനവൈകല്യം' കൊണ്ട്മാത്രം. ഞാന്‍ കോളേജിന്‍റെ പടിയിറങ്ങിയിട്ട് ഏതാണ്ട്  രണ്ടു  ദശകത്തോട് അടുക്കുകയാണ്.
കോളേജ് അങ്കണത്തില്‍ വെച്ച് ഹോസ്റ്റല്‍  ദിനാഘോഷം നടത്തിയപ്പോള്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍  ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍  ഓര്‍മ്മയില്‍  വരുന്നു  “എനിക്ക് കേരളവര്‍മ്മ സമ്മാനിച്ചിട്ടുള്ളത് ഓര്‍മ്മകളുടെ പൂക്കാലമാണ്. ആ പൂക്കളില്‍  ചിലപ്പോഴൊക്കെ കണ്ണീര്‍പ്പൂക്കളുമുണ്ട് .” മറ്റൊരു വേള sfi യൂണിറ്റ് സമ്മേളനത്തിലെ വിടവാങ്ങല്‍ പ്രസംഗമാണ് 1990-ല്‍  അവിടെ ഞാന്‍ പറഞ്ഞു: തന്നെത്താനെ പഠിക്കാതെയൊന്നും  അറിയില്ല  നിങ്ങള്‍ സഖാക്കളേ...” ബ്രെഹ്തിന്റെ അമ്മ എന്ന  നാടകത്തിലെ പാട്ടാണിത്. അതോടൊപ്പം ബ്രഹ്തിന്റെ ഒന്നു രണ്ടു  കവിതാശകലങ്ങള്‍ കൂടി ഉദ്ധരിച്ചു.
സംശയം വാഴ്ത്തപ്പെടട്ടെ!
നിന്‍റെ വാക്കിനെ ഒരു ചീത്ത നാണയംപോലെ,
തിരിച്ചും മറിച്ചും പരിശോധിക്കുന്നവനെ
സസന്തോഷം, സാദരം അഭിവാദ്യംചെയ്യുക.
മനുഷ്യരുടെ നേതാവായവനേ
നീ നേതാവയാതു മറ്റു നേതാക്കളെ
സംശയിച്ചതുകൊണ്ടാണന്നു  മറക്കാതിരിക്കുക.
അതുകൊണ്ടു നീ നയിക്കുന്നവര്‍ക്കും
സംശയിക്കാനുള്ള അവകാശം നല്കുക.
വരേണ്യവിദ്യാഭ്യാസസ്ഥാപനങ്ങളുടെ വരവുമായി ബന്ധപ്പെട്ടാണ് ഞാനിങ്ങനെ പറഞ്ഞത്. അന്നു  വിദ്യാഭ്യാസരംഗത്ത് ഒരു പുത്തന്‍ ചാതുര്‍വര്‍ണ്യ സമീപനത്തിന്‍റെ ആരവം ഉണ്ടായിരുന്നു .
മുന്നില്‍ നേതാവായ് മാര്‍ച്ചുചെയ്യുന്നതു
ശത്രുതന്നെയാണെന്നറിയുന്നവരെത്ര ചുരുക്കം.
തൊണ്ണൂറുകളില്‍ കേരളം വലതുപക്ഷവ്യതിയാനത്തിന്‍റെ പ്രവണതകള്‍ക്ക് അടിപ്പെട്ടുതുടങ്ങിയല്ലോ .
 ശ്രീകേരളവര്‍മ്മ കാമ്പസിന്‍റെ രാഷ്ട്രീയനൈതികത രൂപപ്പെടുത്തിയ ഒരു Course Consequence correlation നെ വെളിവാക്കാനാണ് ഇത് ചൂണ്ടിക്കാണിച്ചത്. കേരളം വലതുപക്ഷവ്യതിയാനത്തിലേക്ക് പോകുമ്പോഴും അതിന്റെ ഉത്കണ്ഠകള്‍ വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചുവെക്കുന്നു എന്നു മാത്രം സൂചിപ്പിക്കാന്‍.
ഇനിയൊന്നു  മറുത്തു പറയട്ടെ...
നമുക്ക് ഈ വൃത്തികെട്ട തറവാടിത്തഘോഷണം ഇവിടെ അവസാനിപ്പിക്കാം. ഭൂതകാലം ഒരു ഭാരമായി തലയില്‍  ചുമന്നുനടക്കാതെ പുതിയ തളിരുകള്‍ ഉണ്ടാക്കുകയാണ് വേണ്ടാത്. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അതിന് പ്രാപ്തിയുണ്ട്. വലിയ അഗ്നിപര്‍വ്വതങ്ങള്‍ പോലെ പൊട്ടിത്തെറിച്ച് ലാവാപ്രവാഹം ഉതിര്‍ക്കാനുള്ള കര്‍മ്മശേഷിയുള്ളവര്‍. കേരളവര്‍മ്മയുടെ ജൈത്രയാത്ര
തുടരട്ടെ.

1 comment: