Friday 18 November 2011

പാര്‍പ്പിടവും കേരളീയ ജീവിതവും

മാലിന്യങ്ങള്‍ മനുഷ്യനെ പൊറുതി മുട്ടിക്കുന്ന  കാലമാണിത്. വ്യാവസായിക മാലിന്യങ്ങള്‍ മാത്രമല്ല  വീട്ടുമാലിന്യങ്ങളും മനുഷ്യനു തലവേദനയാണ്. ഇത്തരമൊരു സാഹചര്യത്തില്‍  മനുഷ്യവാസയിടങ്ങള്‍ എങ്ങനെയാകണം എന്നതു സംബന്ധിച്ച് ഒട്ടുമിക്ക നഗരവാസികളും ആകുലചിത്തരാണ്. കേരളത്തില്‍  നഗരവും ഗ്രാമവും തമ്മിലുള്ള അന്തരം കുറഞ്ഞുവരികയും ജനസാന്ദ്രത ഏറുകയും ചെയത്പ്പോള്‍ ആകുലതകളുടെ ഭാരം ഏറെയുണ്ട്.
ഫ്യൂച്ചറോളജിസ്റുകള്‍ ഇപ്പോള്‍ കേരളത്തെക്കുറിച്ച് എന്തു പറയുന്നുവോ? ദൈവത്തിന്‍റെ സ്വന്തംനാട് മാലിന്യങ്ങളുടെ നാട് ആയി മാറുമോ? സാമൂഹ്യജീവിതത്തില്‍  മാവേലിനാടി
ന്‍റെ സ്വപ്നങ്ങള്‍ക്ക് എന്തെങ്കിലും സാക്ഷാത്കാരമുണ്ടാകുമോ? പാരിസ്ഥിതിക സന്തുലനം വികസനാസൂത്രണത്തില്‍  കേരളത്തില്‍  പ്രതീക്ഷിക്കാനാകുമോ? യാഥാര്‍ത്ഥ്യം എല്ലാ  ആദര്‍ശചിന്തകളെയും പ്രകൃതി സന്തുലിതജീവിത സങ്കല്പങ്ങളെയും അട്ടിമറിക്കുകയാണ്. ചന്ദ്രനിലും ചൊവ്വയിലും വീടുവെക്കാനാകുമോ എന്നാണ് കേരളീയന്‍ ഒരോ പത്രവാര്‍ത്തയിലും പരതുന്നത്.  ഏതു ജ്യോതിഷക്കാരനും അന്ധവിശ്വാസിക്കും അപ്പോള്‍ ശാസ്ത്രവും സാങ്കേതികവിദ്യയും വേണം. കാര്യം നടന്നാല്‍  അവര്‍ ശാസ്ത്രസാങ്കേതിക വിദ്യയേയും പൂജിക്കും.
                  ചന്ദ്രനില്‍  'ഡോം' വീടുകള്‍ വരുമെന്നാണ് ഒരു കണക്കുകൂട്ടര്‍ . ഇവിടെ വലിച്ചെറിയുന്ന  പ്ളാസ്റിക്കെല്ലാം  അന്ന് വേ
ണ്ടി വരുമോ? കൃത്രിമമായ വായുമണ്ഡലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന  വലിയ പ്ളാസിറ്റിക് ഡോമുകള്‍ ആയിരിക്കും അവിടുത്തെ വീടുകള്‍ എന്നു  ഫ്യൂച്ചറോളജിസ്റുകള്‍ പറയുന്നത് .
                                                 ഏതു മനുഷ്യന്‍റെയും ഒരു സ്വപ്നപദ്ധതിയാണ് പാര്‍പ്പിടം. ജീവിതത്തിന്‍റെ പകുതിയും പാര്‍പ്പിട നിര്‍മ്മാണത്തിലാണ് ഒടുങ്ങുന്നത്. അതിനുവേണ്ടിയുള്ള പരക്കംപാച്ചിലുകള്‍ അസ്വസ്ഥതകള്‍കൊണ്ട് ജീവിതത്തെ പൊള്ളിക്കും. ഒടുക്കം ഉണ്ടാക്കാന്‍ കഴിയുന്നതിനേക്കാളും നാലഞ്ജു ഇരട്ടി വലിയ വീടായിരിക്കും സാക്ഷാത്കരിക്കുക. നാടുമുഴുവന്‍ നടന്നു  കടം വാങ്ങും. വീട്ടുകാരെയും സ്വന്തക്കാരെയും ബന്ധുക്കളെയും സമ്മര്‍ദ്ദത്തിലാക്കും. പത്തു പതിനഞ്ജു ശതമാനം പേര്‍ക്കേ റൊക്കം പണമുപയോഗിച്ച് വീട് കെട്ടാനാകുകയുള്ളൂ. ആഗ്രഹിച്ച സ്ഥലത്തല്ല  കിട്ടിയ സ്ഥലത്താണ് ആ വിഭാഗത്തിലെ മിക്കവര്‍പോലും വീട് വെക്കുന്നത്. വീട് പണിത് തുലഞ്ഞവരാണ് ഭൂരിപക്ഷം പേരും. എല്ലാ സ്വസ്ഥ ജീവിതത്തേയും പത്തുവര്‍ഷത്തേക്കെങ്കിലും വീട് നിര്‍വ്വഹണ ചിന്തകള്‍ അട്ടിമറിക്കും.
അങ്ങനെ കേരളം ഇന്നു  വീടുകള്‍കൊണ്ട് നിറഞ്ഞു. ഒരോവളപ്പിലും ഒരോ വീടല്ലെ. കാല്‍നൂറ്റാണ്ടുമുമ്പ് ആണെങ്കില്‍ , എത്ര വളപ്പ് വട്ടംവെച്ചാലാണ് ഒരു വീട് കാണുക. എന്നാല്‍  ഇന്നു  തൊട്ടുതൊട്ടാണ് വീടുകള്‍. പക്ഷേ അയല്‍പക്കക്കാരനെ പഴയതുപോലെ അറിയാന്‍ കഴിയാത്തതെന്തേ? ആഗോളവല്‍ക്കരണം ലോകത്തെ ഒരു ഗ്രാമമാക്കുമെന്നല്ലെ പറഞ്ഞത്? എന്നാല്‍  ലോകത്തെ ഒരു ഭീകര നഗരമാക്കുകയല്ലെ  ചെയ്യുന്നത്? നരകമാക്കുന്നു  എന്നതാണ് കൂടുതല്‍  ശരി. ഭൌതിക സൌകര്യങ്ങളുടെ പെരുപ്പം എന്തുകൊണ്ടാണ് മനുഷ്യനെ ആത്മാവില്‍  ദരിദ്രരാക്കുന്നത്? 'ആത്മീയലങ്ങള്‍' ഇല്ലാത്തതുകൊണ്ടാണെന്നു  പറയാനാവില്ല . മുട്ടിനു മുട്ടിനു മദ്യഷാപ്പ് എന്ന പോലെ ദൈവാലയങ്ങളും വേണ്ടുവോളമുണ്ട്‌. ഒരു നഗരത്തില്‍  പാര്‍ട്ടിയാപ്പീസുകളേക്കാളും അധികം പള്ളികളും ക്ഷേത്രങ്ങളും റിന്യുവല്‍  സെന്ററുകളും ഉണ്ട്‌. വീടുകള്‍ തിങ്ങി മാലിന്യങ്ങള്‍ അന്തരീക്ഷത്തെയും പുഴകളെയും കാളിമ കൊള്ളിക്കുമ്പോള്‍ ആത്മവിദ്യാലയങ്ങളും വാഹനങ്ങള്‍ അടച്ചുപൂട്ടിക്കുന്ന  ദുരവസ്ഥ കേരളത്തില്‍  വ്യാപിച്ചിരിക്കുന്നു .
വാഹനങ്ങള്‍ വേണ്ടുവോളമുണ്ട്. രാത്രിസൂര്യന്‍റെ പ്രഭയും എവിടെയുമുണ്ട് എവിടേയും ലോഡ്ജുകള്‍ ഉണ്ട് എവിടേയും പോലീസ്സ്റഷനുകളുമുണ്ട്. എവിടേയും വീടുകളുണ്ട്. എന്നിട്ടും നമുക്കെന്തൊരു അസ്വസ്ഥതയാണ്. മൊബൈല്‍  ഫോണ്‍ തെല്ലിടനേരം ഓഫു ചെയ്താല്‍  എന്തൊരു അസ്വസ്ഥതയാണ്? അസ്വസ്ഥ്തയുടെ പരമ്പരകള്‍ ചേര്‍ന്നതാണ് ഇന്നൊരു  ദിനം.
കേരളത്തിന്‍റെ സമൂഹ്യജീവിതത്തില്‍  വലിയ തകര്‍ച്ചയാണ് നേരിടുന്നത്. ഇന്നത്തെ പാര്‍പ്പിട നിര്‍വ്വഹണം അങ്ങേയറ്റം വൈയക്തികമായി ചിന്തിക്കുന്ന  ഒരു മാനവിക അവസ്ഥയില്‍ നിന്നു  രൂപമെടുത്തതാണ്.
2001-ലെ സെന്‍സസ് റിപ്പോര്‍ട്ട്പ്രകാരം കേരളത്തില്‍  136 നഗര ഗ്രാമങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍  2011-ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 579 നഗരങ്ങള്‍ ഉണ്ടായിട്ടുണ്ട്  കേരളത്തില്‍  നഗരസമാനമായഗ്രാമങ്ങള്‍ അതായത് നഗരാതിര്‍ത്തിയുടെ ചുറ്റുമോ യൂണിവേഴ്സിറ്റികളോ അതുപോലുള്ള സ്ഥാപനങ്ങളോ നിലകൊള്ളുന്ന  പ്രദേശത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങള്‍ വളരെയധികം കൂടിയിട്ടുണ്ട് . കാസര്‍കോഡുമുതല്‍  പാറശ്ശാലവരെയുള്ള ഹൈവേയിലൂടെ പോകുമ്പോള്‍ കേരളം ഒരൊറ്റ ഹൌസിങ്ങ് കോളനി  ആയിത്തീര്‍ന്നു  എന്നകാഴ്ച ഉണ്ടാക്കുന്നു . വഴിയോരത്ത് കാണുന്ന  വീടുകള്‍ ബഹുഭൂരിപക്ഷവും പ്രദര്‍ശനശാലകള്‍പോലെയാണ്. പലര്‍ക്കും വീട് എന്ന  നിക്ഷേപവും ഓഹരി ബിസിനസ്പോലെ ഊഹക്കച്ചവടത്തിനുള്ള സാമഗ്രിയുമാണ്. കേരളത്തില്‍  വീടുപണി പൊങ്ങച്ചത്തിന്റെ വലിയ ഒരു മാനിയ ആയിട്ടുണ്ട് . പല ഭൂമാഫിയകളുടെയും ഇടയില്‍ പെടുന്ന തുണ്ടുകഷണം ഭൂമിയുള്ളവര്‍ നാടുംവീടും കിട്ടിയ വിലക്ക് വിറ്റ്  അര്‍ദ്ധരാത്രിക്കു നാടുവിടേണ്ട അവസ്ഥയും ഇവിടെയുണ്ട്  വീട് നിറയുമ്പോള്‍ കക്കൂസ് ടാങ്കുകള്‍ നിറയുന്നു  ഓരോ വീടും മാലിന്യടാങ്കുകളെ തന്നെ  സൃഷ്ടിക്കുന്നു . ഓരോ കക്കൂസും മാലിന്യപ്രജനനകേന്ദ്രമാണ്. വീടിനകത്തും വലിയതോതിലുള്ള സ്വകാര്യതയുടെ ഇടങ്ങള്‍ ഉണ്ടാക്കുന്ന  പ്രവണതയുടെ അടിസ്ഥാനം എന്താണ്? യൌവനത്തെ നിലനിറുത്തുന്നതിനും യൌവനത്തെ ആഘോഷിക്കുന്നതിനും നടത്തുന്ന  ശ്രമങ്ങള്‍ ഓരോ രക്ഷിതാവിലും കാപട്യത്തിന്റെ ഇരുമ്പുമറകള്‍ സൃഷ്ടിക്കുന്നുമുണ്ട് . മാധ്യമങ്ങള്‍, മിഡില്‍  ഏജ്ഡ് സെക്സിന്‍റെയും വൃദ്ധജനങ്ങളുടെ ദാമ്പത്യജീവിതത്തിന്‍റെയും നൂലിഴവണ്ണമുള്ള അസംതൃപ്തികളെ വളരെ പ്രശ്നസങ്കീര്‍ണ്ണമെന്നവിധം വരച്ചുകാണിക്കുന്നു . ആരോഗ്യമാസികകളും പത്രത്തിലെ ആരോഗ്യപേജുകളും ദൃശ്യമാധ്യമങ്ങളിലെ പാചകപരമ്പരകളും സ്വാഭാവിക ജീവിത ശൈലിയെയും അതിന്‍റെ വിപണികളെയും അട്ടിമറിച്ചുകഴിഞ്ഞു. ഇവര്‍ ഉണ്ടാക്കിയ ഭക്ഷണശൈലി താരുണ്യത്തെയും കൊഴുപ്പിനേയും വളരെയധികം ഉല്‍ക്കര്‍ഷിക്കുന്നതാണ്. കൊഴുപ്പധിഷ്ഠിതവും വര്‍ണ്ണപ്പകിട്ടുള്ളതുമായ ഇത്തരം ഭക്ഷണങ്ങള്‍ ചില ഉപലക്ഷ്യങ്ങള്‍ ശരീരത്തില്‍  നിര്‍വ്വഹിക്കുണ്ട് ; വി.കെ.എന്‍-ന്‍റെ ഭാഷയില്‍  പറഞ്ഞാല്‍  കുക്കുടക്രിയയോടുള്ള ആസക്തി ആരിലും ഉണര്‍ത്തുന്നു . അച്ഛനും മകളും തമ്മില്‍  തിരിച്ചറിയാനാകാത്ത ഒരു ഭീകരാവസ്ഥ ഇവിടെ ഉണ്ടാകുന്നത് ഇങ്ങനെയൊക്കെയല്ലെ? കുടുംബം എന്ന വസ്തുതയെ വിസ്മരിച്ചതിന്‍റെ ഒരു ദുരന്തം അച്ഛനും മകളും തമ്മില്‍  സംഭവിക്കുന്ന  ലൈംഗിക വേഴ്ചയില്‍ ഇല്ലേ ? അയല്‍പക്കക്കാരായ അച്ഛനും മകനും ചേര്‍ന്നു  ബാലികയെ ലൈംഗികമായി പീഡിപ്പിക്കുന്നതിലും അധ്യാപകന്‍ എല്‍ .പി.സ്കൂള്‍ വിദ്യര്‍ത്ഥിയെ കാമപൂര്‍ത്തിക്ക് ഉപയോഗിക്കുന്നതിലും കുടുംബം എന്നതിന്‍റെ തകര്‍ച്ചയുടെ ദൃശ്യമാവിലല്ലേ? കുടുംബവും വീടുംതമ്മില്‍  ഒരു മാനവീയമായ നിലയുണ്ട്‌ . സാത്മീകരണമുണ്ട് . ആദ്യത്തെസംസ്കാരപാഠശാലയാണ് വീട് .ഭൌതിക യാഥാര്‍ത്ഥ്യങ്ങളുമായുള്ള ഒരു പൊരുത്തപ്പെടല്‍  അവിടെ നടക്കുന്നുണ്ട് . അവകാശബോധത്തിലെത്തും മുമ്പ് ഉത്തരവാദിത്തബോധത്തിലേക്ക് ഉണരുന്നു  എന്നത് അവിടെ നടക്കുന്ന  പ്രധാനസംഗതിയാണ്. കുടുംബം ചരിത്രത്തില്‍  എല്ലാ  കാലത്തും യഥാസ്ഥിതികചിന്തയുടെ സ്രോതസ്സ് ആയിരുന്നു  എന്നു  ചിന്തിക്കുന്നത് വസ്തുനിഷ്ഠമല്ല . ഒരേകാലത്തുതന്നെ  എല്ലായിടത്തും ഒരുപോലെ അതു നിലകൊണ്ട്  എന്നചിന്തയും വസ്തുനിഷ്ഠമാണ്.
ഇന്നൂ  കുടംബഘടന പൊളിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ വളരെയധികം ഉണ്ട് . അവകാശബോധം മാത്രമേ അത്തരം ചിന്തകള്‍ ഉല്‍പാദിപ്പിക്കുന്നതായി കാണുന്നുള്ളൂ. ഉത്തരവാദിത്തബോധം  കൈവെടിഞ്ഞതിന്‍റെ ദുരന്തഭൂമിയായി കേരളീയ കുടുംബങ്ങള്‍ മാറുന്നതിന്‍റെ ഉദാഹരണങ്ങള്‍ ഇപ്പോള്‍ ധാരാളമുണ്ട് . വളരുന്ന  തലമുറയോടും വാര്‍ദ്ധക്യത്തിലേക്ക് ഊന്നി  നില്കുന്ന  തലമുറയോടും മര്യാദപുലര്‍ത്തുന്നതില്‍  കുടുംബംപൊളിച്ചു പോകുന്നവര്‍ എത്രമാത്രം ജാഗ്രത്താണ്? പരസ്പര സഹകരണത്തിന്‍റെയും, കാരുണ്യത്തിന്‍റെയും,നന്‍മയുടെയും, സദാചാരത്തിന്‍റെയും വീട്ടുപാഠങ്ങള്‍, മൂല്യരഹിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുളച്ചുപൊന്തുന്നിടത്ത് വളരെ വലിയ പ്രതിരോധമാണ് ഉയര്‍ത്തുനന്നത്. ആഗോളവല്‍ക്കരണം എല്ലാ  പ്രസ്ഥാനങ്ങളെയും വിഴുങ്ങുന്ന കാലത്ത്  പ്രത്യേകിച്ച് വിദ്യാഭ്യാസ-ചികിത്സാകച്ചവടം സേവനമേഖലയെ വിഴുങ്ങുന്നകാലത്ത് രാഷ്ട്രീയ ഇച്ഛാശക്തിയുള്ളവര്‍ക്ക് കുടുംബം പ്രതിരോധത്തിന്‍റെ യൂണിറ്റായിത്തീരുന്നു എന്ന  വസ്തുത തുറന്നു  പറയട്ടേ. കേരളീയരുടെ ഉള്‍വലിയലില്‍ , യഥാസ്ഥിതികമായ ദുഷ്പ്രവണതകള്‍ തുടങ്ങിയവ കുടംബാന്തരീക്ഷത്തില്‍  അനവധി വിധത്തിലുണ്ട് . മലയാളിയുടെ കപടസദാചാരത്തിന്‍റെ ആമത്തോടുകളും അവിടവിടെ ധാരാളമുണ്ട് . അണുകുടംബങ്ങള്‍ ഉത്തരവാദിത്തങ്ങളെ കയ്യൊഴിഞ്ഞ അവകാശബോധം നിര്‍മ്മിച്ചതാണ്. കൂട്ടുകുടുംബങ്ങളുടെ സാമൂഹ്യമായ അനുഭവംപോലും അണുകുടംബം പകരുന്നതു . ഇങ്ങനെയൊക്കെയുള്ള ചില നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നത് കുടംബത്തെക്കുറിച്ചുള്ള സൈദ്ധാന്തിക ചിന്തകളില്‍  ഇക്കാലത്ത് ചില പൊളിച്ചെഴുത്തുകള്‍ ആവശ്യമാണെന്നു  അറിയിക്കാനാണ്. കുടുംബത്തെ സമൂഹത്തിലേക്ക് തുറന്നു വെക്കുന്നതിലും അതിന്‍റെ ഭാഗമാക്കുന്നതിലും പാര്‍പ്പിടത്തിന് ഒരുപാട് സ്ഥാനമുണ്ട് 
ഇന്നു  സമൂഹ ബന്ധങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത് വിശാലമായ ഒരു മാനുഷികതയുടെ അടിസ്ഥാനത്തിലൊന്നുമല്ല . വളരെ വൈയക്തികമായ ഒരു ജീവിത സാക്ഷാത്കാരത്തിന്‍റെ അന്തരീക്ഷമാണ് എവിടെയും ദൃശ്യമാകുന്നത്. അടഞ്ഞസമൂഹത്തിന്‍റെ  പ്രവണതകള്‍ ഉള്ള ഒരു മനുഷ്യപറ്റമായി കേരളം മാറുന്നതിലേക്ക് ഇന്നത്തെ പാര്‍പ്പിട സംസ്കാരവും വലിയ പങ്കു വഹിക്കുണ്ടന്നതാണ്  വസ്തുത.
കൂട്ടുകുടുംബത്തില്‍ നിന്നുള്ള വിച്ഛേദം എന്ത് ഗുണമാണ് ജീവിതത്തില്‍  ഉണ്ടാക്കിയിട്ടുള്ളത്? സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടുണ്ടോ ? ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടോ ? കുടുംബബന്ധങ്ങള്‍ക്ക് കരുത്തുറ്റതാക്കിയിട്ടുണ്ടോ ? ഈ നാലു ചോദ്യങ്ങള്‍ക്കും പെട്ടെന്നു  ലഭിക്കുന്ന  ഉത്തരം ഏകോപിപ്പിച്ചതാകണമെന്നങ്കില്‍ . ദീര്‍ഘകാലാടിസ്ഥാനത്തില്‍  ചിന്തിക്കുമ്പോള്‍ ഉത്തരത്തില്‍  വലിയ വ്യത്യാസങ്ങള്‍ കാണാനിടയില്ല . കൂട്ടുകടുംബ ജീവിതത്തിന്‍റെ സദ്ഗുണങ്ങളുമായി  അണു കടുംബത്തെ ഒന്നു താരതമ്യം ചെയ്തനോക്കുക.
ഭൌതികവും, ജൈവികവും ആയ തലത്തില്‍  അണുകുടുംബത്തിന്  ശ്വാശതീകരണം നല്കുന്ന  പാര്‍പ്പിട വ്യവസ്ഥ സാമൂഹികമായ എന്തെങ്കിലും പ്രവണതകളെ അതു ഉല്‍പാദിപ്പിക്കുന്നുണ്ടോ ? ഇല്ലന്നു മാത്രമല്ല  അത് ജീവിതത്തില്‍  വളര്‍ത്തുന്ന  അരക്ഷിതബോധവും, വിഭവദുര്‍വ്യയവും അവനവനിധവുംവളരെ കൂടുതലാണ്.
1. ഭൂമിയുടെ  ദുരുപയോഗം വളരെ കൂടുതലാക്കി. ഭൂമിയുടെ തുണ്ടവല്‍ക്കരണം, സ്വാഭാവികപരിസ്ഥിതിയെ തകിടം മറിക്കന്ന  തുടങ്ങിയ പ്രവണതകള്‍ക്ക് ആക്കം കൂട്ടി.
2. മാലിന്യപ്രജനനകേന്ദ്രങ്ങളുടെ വന്‍തോതിലുള്ള സൃഷ്ടിക്ക് കാരണമായി.
3.കുട്ടികളുടെ സ്വഭാവിക വളര്‍ച്ചക്കും സാമൂഹ്യ വികാസത്തിനും വളരെയധികം പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു.
4. കുട്ടികളുടെ ജീവിതസംഘര്‍ഷഭരിതവും വിരസവും,പീഡനം നിറഞ്ഞതുമാക്കി.
5 വൃദ്ധജനങ്ങള്‍ അണുകടുംബത്തില്‍  കളകളായി.
6. ആരോഗ്യകരമല്ലാത്ത ലൈംഗിക ബന്ധങ്ങളുടെ അളവ് വര്‍ദ്ധിച്ചു.
7. അരക്ഷിതബോധം വര്‍ദ്ധിക്കുകയും പുരയിടവ്യവസ്ഥ ദുര്‍വ്യയമാക്കുകയും ചെയ്യുന്നു .
വരാന്ത എന്ന  നിരീക്ഷണസ്ഥാനം
സമൂഹബന്ധങ്ങളിലുണ്ടായിട്ടുള്ള ശൈഥില്യവും നഗരജീവിത താല്‍പര്യവും മനുഷ്യനെ വളരെ വിചിത്രമായ ഒരു പാര്‍പ്പിട വ്യവസ്ഥയിലേക്കാണ് നയിച്ചു കൊണ്ടിരിക്കുന്നത് . ഇന്നു  ഓരോ വീടും ഓരോ ദ്വീപാണ്. കേരളീയതയെക്കുറിച്ചും പ്രകൃതി സൌന്ദര്യത്തെക്കുറിച്ചും  സംസാരിക്കുന്ന  മലയാളിക്ക് നഗര നടുവില്‍  തന്നെ വീട് വെയ്ക്കാനാണ് ഇഷ്ടം.  അയല്‍പക്കവും, പരിസരവും അല്ല പരിഗണന.  കോലായ/വരാന്ത എന്ന  പൊതുയിടം ഇന്നു  വീട് എന്ന നിര്‍മ്മിതിയിലൂടെ പരിഗണനയില്‍  വരാറില്ല . പിന്നെ വലിയ വീടുകള്‍ക്ക് മുമ്പാഭാഗത്ത് ചെറിയ വരാന്തയുണ്ട് . അത് ആഭിജാത്യത്തിന്റെ അടയാളപ്രദര്‍ശനമാണ്. സദാസമയവും അടഞ്ഞു കിടക്കുന്ന  വാതിലിന്‍റെ മുന്‍ഭാഗം മാത്രമാണ്. 
വരാന്തയ്ക്ക് ബഹുവിധമാനങ്ങളുണ്ട്  വീടിന്റെ ഏതുമുറിയിലിരുന്നലും കോലായയില്‍  ചാഞ്ഞു കിടന്നോ   ഇരുന്നോ  കാണുന്ന  കാഴ്ചയും ആശ്വാസവും, സുഖവും ലഭിക്കുകയില്ല . ഏത് സംഘര്‍ഷത്തിന്‍റെ നടുവിലും നമ്മെ അത് പുറം ലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ട്പോകുന്നു    ആകാശത്തേക്കും, അന്തരീക്ഷത്തിലേക്കും, പ്രകൃതിയിലേക്കും, ഉള്ള നിരവധി നിരീക്ഷണസാധ്യതകള്‍ അതു തരുന്നുണ്ട് . പരിസരവും പ്രകൃതിയുമായി ഏത് നട്ടപ്പാതിരക്കായാലും സംവദിക്കാന്‍ അരമണിക്കൂര്‍നേരം വരാന്തയില്‍ പോയി പുറത്തേക്ക് നോക്കിയിട്ടുള്ള ഇരുപ്പ്. ഓരോ സാധാരണമനുഷ്യനും ഒരു ആന്തരികജീവിതമുണ്ടാക്കാനും വരാന്ത സാമൂഹ്യജീവിതത്തിന്‍റെ ഒരു ശക്തമായ കണ്ണിയായി വര്‍ത്തിച്ച ഒരു കാലമുണ്ടായിരുന്നു . രാത്രിയായാലും പകലിലായാലും അതു നടത്തുന്ന  വിനിമയം മനുഷ്യജീവിതത്തെ ശക്തിപ്പെടുത്തുന്നു . ഔപചാരികതത്വവും, ആഥിഥേയത്വവും കുറഞ്ഞ ഒരിടമാണ് അത്. ഇതു വീട്ടുകാര്‍ക്കും വരുന്നവര്‍ക്കും(കൂട്ടുകാരോ, നാട്ടുകാരോ ആകാം)വലിയ ആശ്വാസം നല്കുന്നു . അകത്തേക്ക് ഒരാളെ കയറ്റാന്‍ മടിക്കുന്നതുപോലെ വരുന്നയാള്‍ കയറാനും മടിക്കുന്നുണ്ട് . ഇതു രണ്ടും  വളരെ ആശ്വാസകരമാക്കുന്ന  ഒരിടമാണ് അകത്തിനും, പുറത്തിനും ഇടയിലുള്ള ഒരിടമാണ് വരാന്ത. തീര്‍ച്ചയായും മലയാളിയുടെ സാമൂഹ്യജീവിതത്തിന് ബോധപൂര്‍വ്വമായി സൃഷ്ടിക്കേ- ഒരു സംഗതിയാണ് വരാന്തയെന്നു  നിസംശയം പറയാം. ഇത്തരമൊരു സങ്കല്‍പം നമ്മുടെ
എന്‍ജിനീയര്‍മാര്‍ക്കും ഇല്ലാതെ പോയതാണ് അടഞ്ഞ വീടുകളുടെ സമൂഹമായി കേരളത്തെ മാറ്റിയത്.
...............................................................................................................

No comments:

Post a Comment