Saturday 19 November 2011

നവവിദ്യാര്‍ത്ഥിത്വം: ചില വിചാരങ്ങള്‍

                         ജീവിതത്തെ പറ്റിയുള്ള സമഗ്രമായ അന്വേഷണങ്ങള്‍ക്ക് ഗതിവേഗം ലഭിക്കുന്നത് സമ്പൂര്‍ണമായ ഒരു വിദ്യാര്‍ത്ഥിത്വത്തിന് തന്നെതന്നെ സമര്‍പ്പിക്കുമ്പോഴാണ്. എന്താണ് വിദ്യാര്‍ത്ഥിത്വം എന്ന  ചോദ്യം ഇവിടെ പ്രസക്തമാണ്. മഹത്തായ പാരമ്പര്യത്തെയും സംസ്കാരത്തെയും സ്വാംശീകരിച്ച് വര്‍ത്തമാനത്തിന്‍റെ ഉല്‍പാദന-ഉപഭോഗ നിര്‍വ്വഹണ വ്യവസ്ഥയില്‍  ഇടപെടാനുള്ള വൈജ്ഞാനികവും സാങ്കേതികവുമായ നൈപുണി ആര്‍ജ്ജിക്കുന്നവനാണ് വിദ്യാര്‍ത്ഥി. വിദ്യക്കുവേണ്ടി അര്‍ത്ഥിക്കുന്നവര്‍ അഥവാ അഭ്യസിക്കുന്നവരൊക്കെ കേവലമായ അര്‍ത്ഥത്തിലേ വിദ്യാര്‍ത്ഥി ആകുന്നുള്ളു. എന്നാല്‍  വിദ്യാര്‍ത്ഥിത്വം വികലമായ വിദ്യാസമ്പാദനമല്ല ; മാനവീയതയുടെ ഈടുവെപ്പിനു വേണ്ടി സമകാലികസമൂഹസംവിധാനത്തില്‍  ഔചിത്യപൂര്‍വ്വം തന്‍റെ അഭിരുചികളെ ഇണക്കി പ്രയോഗിക്കലാണ്. വിദ്യാഭ്യാസത്തിന്‍റെ  ഉലയില്‍  അറിവിന്‍റെ പുതിയ പ്രയോഗങ്ങള്‍ അങ്ങനെ ഉണ്ടായിവരും.
അറിവ് ഉല്‍പ്പാദിപ്പിക്കുകയും പ്രസരിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നജീവിയാണ് മനുഷ്യന്‍. മനുഷ്യന്‍റെ ഈ ശേഷിയെ ആസൂത്രിതമായും സാമൂഹ്യമായും, ശാസ്ത്രീയമായും വികസിപ്പിച്ചെടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. പഠന നൈപുണിയുള്ള ഏകജീവി എന്നനിലയ്ക്ക് പ്രകൃതിയെയും സമൂഹത്തെയും സംരക്ഷിച്ചുകൊണ്ട് പോകേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മനുഷ്യന്‍ സന്നദ്ധനാകണം. പഠിതാവായ മനുഷ്യനു മാത്രമെ അറിവിന്‍റെ വസ്തുനിഷ്ഠപഥങ്ങളിലൂടെ സഞ്ചരിക്കാനാവൂ. ഈ നിലയ്ക്ക് വിദ്യാര്‍ത്ഥിത്വം എന്നത് ജനിമൃതികള്‍വരെ നീളുന്ന  പ്രക്രിയയാണ്. പക്ഷെ ഔപചാരിക വിദ്യാഭ്യാസം ഉപജീവനാര്‍ത്ഥം തൊഴിലിലേക്കോ ഉദ്യോഗത്തിലേക്കോ വഴി മാറുമ്പോള്‍ വിദ്യാലയ-കലാലയ ജീവിതത്തോടൊപ്പം പഠിപ്പ് ഔപചാരികമായി അവസാനിപ്പിക്കുകയും ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷക്ഷംപേരും. ഇതിനൊരു മാറ്റം ആവശ്യമാണ്. വിദ്യാര്‍ത്ഥിത്വത്തിന്‍റെ  ഒരു ഘട്ടമാണ് ഉന്നതവിദ്യാഭ്യാസവും ഗവേഷണപഠനവും അടങ്ങുന്ന  വിദ്യാലയഘട്ടം. ജീവിതത്തിന്‍റെ  സമസ്ത വ്യവഹാരങ്ങളിലേക്കും പഠനം വ്യാപിക്കാനുള്ള ആന്തരിക പ്രേരണ അഥവാ വെമ്പല്‍  ഉണ്ടാക്കുകയാണ് വിദ്യാലയഘട്ടത്തില്‍  ഉണ്ടാകേണ്ടത്. എന്നാല്‍ വന്ധ്യമായ അറിവുകള്‍ കുത്തിനിറച്ച് പഠന പ്രക്രിയയുടെ ജൈവീകതയെ തല്ലിച്ചതക്കുകയാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യം വരെയുള്ള ഔപചാരിക വിദ്യാഭ്യാസക്രമം ചെയ്തത്. എന്നാല്‍  കേരളത്തിലെ പുതിയ തലമുറയ്ക്കുള്ള ബഹുജനവിദ്യാഭ്യാസത്തിന്‍റെ വലിയ പാഠശാല ആയിരുന്ന  എഴുപതുകളിലെ കോളേജ് കാമ്പസുകള്‍. അത് വിദ്യാര്‍ത്ഥികളില്‍  അധ്വാനിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യം, സാര്‍വ്വദേശീയത, സ്ഥിതിസമത്വബോധം, ആവിഷ്കാര സ്വാതന്ത്ര്യബോധം, സ്ത്രീനീതി, സാമൂഹ്യനീതി, പാരിസ്ഥിതികനീതി, സമരസജ്ജത എന്നീ  ആശയങ്ങളെ ഉല്‍പ്പാദിപ്പിച്ചു. എണ്‍പതുകളിലും തൊണ്ണൂറുകളിലും അതി ന്‍റെ ജൈവപരമായ വികാസം ഉണ്ടാകുകയും ചെയ്തു. എന്നാല്‍  ഏതാണ്ട്  ഒരു ദശകമായി ക്യാമ്പസുകള്‍ ആഗോളവല്‍ക്കരണത്തിന്ന്‍റെ സാംസ്കാരഹീനമായ പ്രവണതകളിലേക്ക് മുതലകൂപ്പുകുത്തിയതായി കാണുന്നു  സാമ്രാജ്യത്വാഗോളീകരണത്തിന്‍റെ ആസൂരമായ ഉപഭോഗശീലങ്ങളും യൌവനത്തിന്‍റെ അതിതീവ്രമായ ഐന്ദ്രീയവികാരവായ്പും, കാമദശകള്‍ വഹിക്കുന്ന  ലാസ്യത്തിന്‍റെ ചുവടുകളും തൊണ്ണൂറുകളുടെ പകുതിയില്‍  കാമ്പസിനെ പിടികൂടിയെങ്കിലും കാമ്പസിന്‍റെ പ്രതിരോധാന്തരീക്ഷത്തെ മാരകമായി ബാധിച്ചിരുന്നില്ല . എന്നാല്‍  ആഗോളീകരണം കെട്ടഴിച്ചുവിട്ട അതിതീവ്രമായ വ്യക്തിവാദം (Intensive individualism) പൊതുമണ്ഡലത്തിലെ നന്മകളെയും സാമൂഹ്യ ജീവിത മര്യാദകളെയും ആഴത്തില്‍  മുറിവേല്പിച്ചു. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന തത്വം എല്ലാ  തലങ്ങളിലും വ്യാപിച്ചു. പൊതുതാല്‍ പര്യങ്ങളെ കയ്യൊഴിയുകയോ, ഇല്ലായ്മ ചെയ്യുകയോ ചെയ്യുന്ന  പ്രത്യേകതരം സംഘടനാ സംവിധാനങ്ങള്‍ വ്യാപകമായി. ജാതിക്കുളളിലെ അവാന്തര ജാതികള്‍ക്ക് സംഘടനകള്‍, തറവാട്ടു പേരില്‍  സംഘടനകള്‍ വിവിധ ഉടമസ്ഥസംഘടനകള്‍, കാറ്റഗറി യൂണിയനുകള്‍, പുരുഷ സംഘങ്ങള്‍,  നിക്ഷിപ്ത താല്‍പര്യക്കാരുടെ ട്രസ്റുകള്‍, സര്‍ക്കാര്‍ നികുതി വെട്ടിപ്പിനും മറ്റുമുള്ള ചാരിറ്റബിള്‍ സൊസൈറ്റികള്‍, വിവിധതരത്തിലുള്ള മാര്‍ക്കറ്റിങ്ങ് ഗ്രൂപ്പുകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘങ്ങള്‍, എന്നിങ്ങനെ പൊതുതാല്‍പര്യത്തെ ഹനിക്കുന്ന  നാനാവിധത്തിലുള്ള സംഘടനകളുടെ ഒരു സങ്കേതമായി കേരളം മാറി. കാമ്പസുകളില്‍  ഇവയെ മറ്റു തരത്തില്‍  പ്രതിഫലിപ്പിക്കുന്ന  ചില Vested Interest Group . ഇതെല്ലാം  വിദ്യാഭ്യാസത്തിന്‍റെ മൂല്യപരമായ കാതലിനെ വളരെയധികം ദ്രവിപ്പിച്ചിട്ടുണ്ട് ; വിദ്യാര്‍ത്ഥിയില്‍  മാത്രമല്ല  അധ്യാപകനിലും. കൂണുപോലെ മുളയ്ക്കുന്ന  സെല്‍ഫ് ഫൈനാന്‍സിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം,  ഫീസിളവ്, മെറിറ്റ്, സാമൂഹ്യനീതി, മതനിരപേക്ഷത എന്നൊന്നും  പറഞ്ഞാല്‍  മനസിലാകാതായി. സെല്‍ഫ് ഫൈനാന്‍സിങ്ങ് സ്ട്രീം വഴി വന്നവര്‍ പൊതു കലാലയത്തില്‍  എത്തുമ്പോള്‍ ഉണ്ടാകുന്ന  പ്രത്യാഘാതങ്ങള്‍ നിരവധിയാണെന്നു  കേരളം ഇന്നു  വിളിച്ചറിയിക്കുന്നു .
യു.ജി.സി. പാക്കേജുകളും, വിദ്യാര്‍ത്ഥികളും
യു.ജി.സി.യുടെ വിവിധതരത്തിലുള്ള ഇടപെടലുകള്‍ കോളേജുകളില്‍  വ്യാപകമാണിന്നു . പണം നല്കുന്ന  ഒരു ഏജന്‍സി എന്ന  നിലയില്‍  അതിന് വഴങ്ങാത്ത അദ്ധ്യാപകര്‍ പോലുമില്ലാഎന്നു   പറയേണ്ടതാണ് പൊതുസ്ഥിതി. കാമ്പസുകളില്‍  ഇതുണ്ടാക്കുന്ന  പ്രവണതകളില്‍  ഒരു തരം കൃത്രിമമായ അച്ചടക്കവും സൌന്ദര്യവല്‍ക്കരണവും മുഴച്ചുനില്ക്കുന്നു  അക്കാദമികമായ നേട്ടങ്ങള്‍ എന്നു  പറയുന്നത് അത് സെമിനാറുകള്‍കൊ  അവതരിപ്പിച്ച പേപ്പറുകളുടെ എണ്ണംകൊണ്ടും ബയോഡാറ്റയുടെ നീട്ടംകൊണ്ടും   തിട്ടപ്പെടുത്താനാവില്ല . മൌലികമായ അന്വേഷണങ്ങളുടെ തലത്തിലേക്കും സംവാദങ്ങളുടെ തലത്തിലേക്കും എത്തിപ്പെടുന്ന  അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നില്ല . ബഹുഭൂരിപക്ഷം സെമിനാറുകളും Expenditure Statement  നു വേണ്ടിയുള്ളതാണ്. ചിട്ടപ്പടി സംഘാടനവും നിലയവിദ്വാനമാരുടെ പ്രകടനവുമാണ് എവിടെയും കാണാനാവുന്നത്. അക്കാദമികമായ ബിരുദങ്ങള്‍ക്കപ്പുറം സ്ഥിരോത്സാഹംകൊ  പ്രതിഭയുടെ നിരന്തരമായ പ്രകാശനംകൊണ്ടും ഓരോ രംഗവും കീഴടക്കിയ എത്രപേരെ ഇത്തരം സെമിനാറുകളില്‍  നമ്മുടെ യൂണിവേഴ്സിറ്റികള്‍/ കോളേജുകള്‍ അംഗീകരിക്കുന്നുണ്ട് . ക്ളാസുമുറികളില്‍  അധ്യാപകന്‍ ഫെസിലിറ്റേറ്റര്‍ ആകുകയും സമൂഹത്തിന്‍റെ ശരിയായ സാന്നീദ്ധ്യം ക്ളാസുമുറികളില്‍  ഉണ്ടാക്കാന്‍ ഉതകുകയും ചെയ്യുന്നു  ജോലികള്‍ നിര്‍വ്വഹിക്കാന്‍ യു.ജി.സി. പാക്കേജുകളിലൂടെ അക്കാദമിക സമൂഹത്തിന്കഴിയുന്നുണ്ടോ ? വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളില്‍  അക്കാദമിക സ്വാതന്ത്ര്യത്തിന്‍റെ വികസ്വരമായ ഇടങ്ങള്‍ നിലനിര്‍ത്തുന്ന തില്‍  അധ്യാപകര്‍ക്കും പൊതുസമൂഹത്തിന്‍റെ പ്രതിനിധികള്‍ക്കും ബാധ്യതയുണ്ടു  ഈ ബാധ്യത യു.ജി.സി. പാക്കേജുകള്‍ വരുംമുമ്പുള്ള കാലത്തേതില്‍  നിന്നു  കുറഞ്ഞുപോയിട്ടില്ലെ? കാമ്പസുകളെ സര്‍ഗ്ഗാത്മകമാക്കിയിരുന്ന  എഴുപതുകളുടെയും എണ്‍പതുകളുടെയും പ്രവര്‍ത്തനങ്ങളുടെ ആവര്‍ത്തനംകൊണ്ടു ഇന്നു  അത് സാധ്യമാകുമെന്നു  വിശ്വസിക്കുന്ന  ചിലരുണ്ട്. ഇന്നത് യഥാസ്ഥിതികമായ ഒരു വേല മാത്രമാണ് എന്നു  പറയേനണ്ടത്തില്ല . ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് ചെയ്യാനാകുമെന്നു  ആലോചിക്കേണ്ടതാണ്.
അക്കാദമികമായ സ്വാതന്ത്ര്യം കൈയ്യാളാനുള്ള പ്രാപ്തി എങ്ങനെയെല്ലാമാണ് വിദ്യാര്‍ത്ഥി സമൂഹത്തിന് കൈവരിക്കാനാകുക? എന്തായിരിക്കണം അതിന്റെ ഘടനാപരമായ തലം? അക്കാദമികജ്ഞാനത്തിന്‍റെ  അനുഭവപരമായ ആഗിരണവും മൂല്യദാര്‍ഢ്യവും എങ്ങനെയൊക്കെ ഉണ്ടാക്കാനാകും? 21-നാം  നൂറ്റാണ്ടിലെ സമൂഹത്തിനുവേണ്ട ഉദാത്തമായ മൂല്യങ്ങള്‍ ഏതൊക്കെ? മാനവീകതയും ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹ്യനീതിയും മര്‍ദ്ദിത - കീഴാള പക്ഷപാതിത്വവും നിരസിക്കുന്ന ഒരു വലിയ വിഭാഗം ഉന്നത വിദ്യാഭ്യാസരംഗത്ത് ഉണ്ടായിവരുന്നുത് വളരെ ഗൌരവമായി പരിഗണിക്കണം. ഇവര്‍ സെല്‍ഫ് ഫൈനാന്‍സിംഗ് സ്ഥാപനങ്ങള്‍വഴിയാകാം സര്‍വ്വകലാശാലകളിലെയും സാധാരണ കോളേജുകളിലെയും അക്കാദമിക വിഭാഗത്തെ കീഴടക്കുവാന്‍ എത്തുന്നത്. അവിടെ യു.ജി.സി പാക്കേജുകള്‍ പോകുകയും അദ്ധ്യാപകര്‍ക്ക് ശമ്പളവ്യവസ്ഥയെ കൊഴുപ്പിക്കാനും പണമുണ്ടാക്കാനുമുള്ള പ്രോജക്ടുകള്‍ ലഭിക്കുന്ന  ഏജന്‍സിയായി യു.ജി.സി. മാറുകയും ചെയ്യുന്നു . ഇപ്പോള്‍ തന്നെ  അങ്ങനെ സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. ഇവിടെയാണ് വിദ്യാര്‍ത്ഥിത്വത്തിന് ഉള്‍ക്കാഴ്ചയുണ്ടാക്കുന്ന ചില പ്രവര്‍ത്തനങ്ങളും വിചാരങ്ങളും ആവശ്യമായി വരുന്നത്.
യു.ജി.സി. പാക്കേജുകളുടെ ഗുണവശം ശരാശരി സര്‍ക്കാര്‍ പദ്ധതികളുടെ നിലവാരത്തിനപ്പുറം കാണുന്നത് തീര്‍ത്തും അപകടകരമാണ്.  Democratic Rationality  യെ തകര്‍ക്കുന്നുണ്ട്
ഈ വക ഗവേഷണം. അദ്ധ്യാപകനെ യാന്ത്രികമായ ഒരു ഗവേഷണ പദ്ധതിയുടെ ഉടമയാക്കുകയാണ് അസ്ഥാനത്ത്  സ്വീകരിക്കുന്ന  യു.ജി.സി. പ്രോജക്ടുകള്‍. ഒരുതരം പ്രോജക്ട് ഫാഷനിസം അവരിലുണ്ടാക്കിയത്. ക്ളാസുമുറിക്ക് അകത്തും പുറത്തുമുള്ള ജൈവപരമായ അദ്ധ്യാപനത്തെ തകര്‍ക്കുകയും, ചര്‍വ്വിതചര്‍വ്വണമായ ഒരു വിഷയ സ്വീകരണത്തിന്‍റെയും ‘പഠന’ നിര്‍വ്വഹണത്തിന്‍റെയും ഉപാസകരാക്കി അധ്യാപകരെ മാറ്റുകയും ചെയ്യുന്നു . പൊതുവെ പറഞ്ഞാല്‍  പണം തന്നെയാണ് ഈ ഗവേഷണത്വരയുടെ പ്രധാനഘടകം. അപവാദങ്ങള്‍ ഇവിടെയും കാണാം. അറിവിനെ ഉല്‍ പ്പാദിപ്പിക്കാന്‍ കഴിയുന്നില്ലന്നതാണ് അതിന്‍റെ പ്രധാനപരിമിതി.
അഭ്യസ്തവിദ്യരുടെ കയറ്റുമതി 
വ്യക്തിഗത ജീവിതത്തിനു മേല്‍  അവനവനുള്ള നിയന്ത്രണം നഷ്ടപ്പെടുത്തുന്നതാണ് തൊഴിലിലേക്കോ ഉദ്യോഗത്തിലേക്കോ ഉള്ള ഓരോ ചുവടുവെപ്പും. കേരളം മറ്റിന്ത്യക്കാരുടെ ഗള്‍ഫാകുമ്പോള്‍ കേരളീയന്‍ അറബിയുടെയും സായിപ്പിന്റെയും നാട്ടിലെ അവസരങ്ങള്‍ വിഴുങ്ങി കേരളത്തിലെ ഇരപിടിയനായി മാറുകയാണ്. മറ്റൊരു വിഭാഗം; ആഗോളവല്‍ക്കരണം, അതിന്റെ ചൂണ്ടക്കൊളുത്തായി പ്രവര്‍ത്തിക്കുന്ന പുതിയ സാങ്കേതികവിദ്യയും, വിജ്ഞാനമുറകളും സൃഷ്ടിക്കുന്ന പുതിയ തൊഴിലവസരങ്ങളുടെ മൂര്‍ത്തികളായി നാട്ടില്‍  വാഴുന്ന ഇരപിടിയരാകുന്നു . ഇക്കൂട്ടത്തില്‍  പുത്തന്‍പണക്കാരായ ബിസിനസ്സുകാരെയും ഉള്‍പ്പെടുത്താം. ഈ വരേണ്യവിഭാഗത്തെ മുന്നോട്ടുപോകാന്‍ സഹായിക്കുന്ന  ചര്‍ച്ചകളും വികസനപ്രോജക്ടുകളാണ് ദേശീയാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ബഹുഭൂരിപക്ഷവും.
വിദ്യാഭ്യാസത്തിന്റെ ഫലത്തെക്കുറിച്ചുള്ള സങ്കല്പവും ഇവിടെ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ബഹുഭൂരിപക്ഷം പേരും കയറ്റുമതിമൂല്യമുള്ള ഒരഭ്യസ്തവിദ്യനാകാനാണ് ആഗ്രഹിക്കുന്നത്. വിദ്യാര്‍ത്ഥികളെ വെറും കരിയറിസ്റുകളാക്കി മാറ്റുന്നതാണ് കാമ്പസ് റിക്രൂട്ട്മെന്റ്. യുവത്വം ഊറ്റിക്കുടിക്കുക മാത്രമാണ് അവരുടെ ആവശ്യം. കാമ്പസ് സെലക്ഷനില്‍ നിന്ന്    പിന്തള്ളപ്പെടുമെന്ന  ചിന്ത വിദ്യാര്‍ത്ഥികളില്‍  വലിയ പിരിമുറുക്കമുണ്ടാക്കുന്നു   ആഗോളഭീമന്‍മാര്‍ നടത്തുന്ന  ബ്രെയിന്‍ ഡ്രെയിന്‍ ഉന്നതപഠനത്തിനുള്ള അഭിലാഷം നഷ്ടപ്പെടുത്തുന്നു  . കമ്പനികള്‍ തന്നെ ഉന്നതപഠനത്തിന് അയക്കുമ്പോള്‍ വിദ്യാര്‍ത്ഥി ബോ-ുകളാÂ അസ്വതന്ത്രനാക്കപ്പെടുന്നു . വിദ്യാഭ്യാസത്തില്‍  ഗവേഷണപരവും സാമൂഹ്യപരവുമായ താല്‍പര്യം നഷ്ടപ്പെടുത്തുന്ന തൊഴിലില്ലായ്മ എന്ന പ്രശ്നം ഇവിടെ ഉണ്ടങ്കിലും അഭ്യസ്തവിദ്യരെ കയറ്റുമതി ചെയ്യാന്‍ ഉല്‍പാദിപ്പിക്കുന്ന  പ്രവണത ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതിന് വിഘാതമാണ്. കാറല്‍ മാര്‍ക്സിന്റെ ജീവിതം  ഇവിടെ അല്പമൊന്നു  അനുസ്മരിക്കട്ടെ. ഗവേഷണബിരുദം നേടിയ മാര്‍ക്സ് പ്രൊഫസറാകുന്നതിന് ബോണിലേക്കു പോയി. എന്നാല്‍ , സര്‍ക്കാരിന്റെ പ്രതിലോമപരമായ നയംമൂലം  മാര്‍ക്സ് അക്കാദമിക ജീവിതം ഉപേക്ഷിച്ചു. യുവഹെഗേലിയന്‍മാരുമയി  ചേര്‍ന്നു  റെനിഷ് സേതുങ്ങ് എന്ന  പത്രം തുടങ്ങി. മൂന്നു  പ്രാവശ്യത്തെ സെന്‍സര്‍ഷിപ്പിനെ തുടര്‍ന്നു  പത്രം നിരോധിക്കുമെന്ന്‍  ഉറപ്പായി. എന്നാല്‍ അങ്ങനെ  സംഭവിക്കാതിരിക്കാന്‍ മാര്‍ക്സ് മുഖ്യപത്രാധിപസ്ഥാനം രാജിവെച്ചു. എന്നിട്ടും പത്രം നിരോധിച്ചു. ഇക്കാലത്ത് അര്‍ത്ഥശാസ്ത്രത്തില്‍  വേണ്ടത്ര അറിവ് ഇല്ലന്നു ബോധ്യമായ മാര്‍ക്സ് അര്‍ത്ഥശാസ്ത്രത്തെകുറിച്ച് പഠിക്കാന്‍ ആരംഭിച്ചു.
തന്റെ ജീവിതത്തിന്റെ ഉദാത്തലക്ഷ്യം പഠനമാണെന്ന്‍  ചിന്തിച്ചതുകൊണ്ടാണ് കുറ്റിപ്പുഴ കൃഷ്ണപ്പിള്ള അദ്ദേഹത്തിന്റെ അവസാനകാലത്ത് ഇങ്ങനെ പറഞ്ഞത്. “ഞാന്‍ ഇപ്പോഴും എ¶ത്ത¶ പഠിച്ചുകൊണ്ടിരിക്കുന്ന  വിദ്യാര്‍ത്ഥിയാണ്. എന്നാല്‍  അത്യന്തം വൈയക്തികവല്‍ക്കരിക്കപ്പെട്ട കേരളീയ വിദ്യാര്‍ത്ഥിക്ക് പഠനത്തെ സംബന്ധിച്ച ഉദാത്തലക്ഷ്യങ്ങള്‍ ഇല്ല . കേരളം അഖിലേന്ത്യാ പരീക്ഷകളില്‍  ശരാശരിയില്‍  മോശമാകുന്നതിന്റെ ഒരു പ്രധാന കാരണം ഇതാണ്. ഉന്നതനിലവാരമുള്ള സ്ഥാപനങ്ങളും അതിനെ സാക്ഷാത്കരിക്കുന്ന  അധ്യാപകരും വിരലിലെണ്ണാന്‍പോലുമില്ലാത്തതും കാരണം തന്നെ. ചുരുക്കത്തില്‍  കേരളീയ വിദ്യാര്‍ത്ഥി സമൂഹത്തില്‍  ലൌകികരിതിയിലുള്ള പരിചരണങ്ങളേ നടക്കുന്നുള്ളൂ. തന്റെ മുന്നിലുള്ളതിനെ മാത്രം കാണുകയും പരിഗണിക്കുകയും ചെയ്യുന്നതാണ് ലൌകികരീതി. എന്നാല്‍ വിദ്യാര്‍ത്ഥിത്വം എന്നത് ആത്മീയരീതി സ്വായത്തമാക്കലാണ്. എല്ലാറ്റിനെയും നോക്കികാണാനും സമഗ്രതയില്‍  വിലയിരുത്താനും ഒരുപോലെ പെരുമാറാനും കഴിയുകയെന്നതാണത്. ആത്മീയത എന്ന പ്രയോഗം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതാണ്. വസ്തുനിഷ്ഠസാഹചര്യത്തെ പൂര്‍ണമായും പ്രകാശിപ്പിക്കാന്‍ കഴിയുന്ന  ഭൌതികതയില്‍  ലീനമായിരിക്കുന്ന  ആത്മീയതയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ആശയവാദപരമായ ആത്മീയത ഒരിക്കലും വസ്തുനിഷ്ഠസാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നതല്ല . വൈരുദ്ധ്യാത്മകമായ പ്രവണതകളെ ചലനാത്മകമാക്കുന്ന  ജൈവീകതയാണത്. ഇന്നത്തെ ബഹുഭൂരിപക്ഷം മതാചാര്യനമാരും പിന്തുടരുന്നത് ആത്മീയരീതി അല്ല . തികച്ചും ലൌകികമായ രീതിയിലാണ് അവര്‍ പെരുമാറുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എല്ലാ മനുഷ്യരിലും സ്ഥിതി സമത്വബോധത്തിലധിഷ്ഠതമായ ആത്മീയരീതിയെ സൃഷ്ടിക്കലാണ്. അതുകൊണ്ടു വിദ്യാഭ്യാസത്തിന്റെ ഫലസങ്കല്പം ഇന്നത്തേത് സമൂഹം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു
കാമ്പസുകളിലെ വര്‍ഗ്ഗീയവല്‍ക്കരണം
ആഗോളവല്‍ക്കരണം സാമൂഹ്യനീതി എന്ന സങ്കല്പത്തെ തകര്‍ത്തതോടെ പ്രൊഫഷണല്‍  കോളേജുകാമ്പസുകളില്‍  വര്‍ഗ്ഗീയതയുടെ നിശ്ശബ്ദമായ ധ്രുവീകരണമുണ്ടു . മറ്റു ചില സ്വകാര്യകോളേജുകളിലും പ്രത്യക്ഷമായി ഈ പ്രവണതയ്ക്ക് വളം വെക്കുന്നുണ്ടു . ലൌജിഹാദിന്റെ പ്രചരണം മറ്റൊരു തരത്തിലുള്ള ഇതിന്റെ പ്രത്യക്ഷീകരണമാണ്. കാമ്പസ് റിക്രൂട്ട്മെന്റില്‍പോലും വര്‍ഗ്ഗീയതയുടെ വിഷപ്പല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്
വൈജ്ഞാനിക വികാസം ഉള്‍കൊള്ളണമെന്നു  പറയുമ്പോള്‍ സാമൂഹ്യനീതി എങ്ങനെയാണ് ഓരോന്നിലും ഉറപ്പുവരുത്തുക. വര്‍ഗ്ഗപരവും, ലിംഗപരവും, ജാതീയവുമായ വിവേചനം എങ്ങനെ ഒഴിവാക്കാം. സംവരണത്തിന്റെ തത്വങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണം മെഡിക്കല്‍ കോളേജിലും എഞ്ചിനീയറിംങ്ങ് കോളേജിലും വര്‍ദ്ധിക്കുകയാണ്. ധാര്‍മ്മികതയില്ലാത്ത ഒരു ഡോക്ടറെകുറിച്ച്, തുല്യത എന്ന  സങ്കല്പമില്ലാത്ത ഒരു അധ്യാപകനെക്കുറിച്ച് ചിന്തിക്കാനാകുമോ? എന്നാല്‍ വളരെ സങ്കുചിതമായി ജാതിപ്രശ്നം കൈകാര്യം ചെയ്യുന്ന ഒരു ന്യൂനപക്ഷമെങ്കിലും വൈദ്യസമൂഹത്തില്‍  ഇന്നുണ്ട് . അതിരുകവിഞ്ഞ വൈയക്തികവാദത്തിന്റെ ഇരകളായി മാറിയവരാണ് കാമ്പസിലെ വര്‍ഗ്ഗീയവാദത്തിന്റെ ഇന്ധനമെന്നത് വളരെ ശ്രദ്ധേയമാണ്. സെക്കുലറിസവും സാമൂഹ്യനീതിയും ശാസ്ത്രീയതയും പഠനപ്രക്രിയയുടെ നെടുംതൂണുകളാണെന്ന വസ്തുത അക്കാദമിക് സമൂഹത്തില്‍  ഉണ്ടാക്കിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ബോധപൂര്‍വ്വം ആസൂത്രണം ചെയ്യേണ്ട സന്ദര്‍ഭമാണിത്. യുക്തിപൂര്‍വ്വം ചിന്തിക്കാനുള്ള പരിശീലനം, ഇച്ഛാശക്തി, സത്യസന്ധത, സാമൂഹ്യനീതിനിഷ്ഠ എന്നിവ ആര്‍ജ്ജിക്കുന്ന ഒരാള്‍ക്ക് കുറുക്കുവഴികള്‍ തേടേണ്ടതില്ല . കുറുക്കുവഴികളെ കുറിച്ചുള്ള ചിന്തയാണ് വര്‍ഗ്ഗീയതയുടെ വളക്കൂറുള്ള മണ്ണ് ഒരുക്കുന്നത്.
പാഠ്യപദ്ധതിയിലെ വിദ്യാര്‍ത്ഥിവിരുദ്ധത
ജന്‍മവാസനകളെ നശിപ്പിക്കുകയല്ല  ഉണര്‍ത്തുകയാണ് സുസ്ഥിരവും വസ്തുനിഷ്ഠവുമായ മൂല്യനിര്‍ണ്ണയരീതിയിലൂടെ ഉണ്ടാകേണ്ടത്. മൂല്യനിര്‍ണ്ണയരീതി കൊണ്ട് ഉള്ളടക്കത്തെ, വളരെ സാമൂഹികവും പുരോഗമനോന്‍മുഖവും വസ്തുനിഷ്ഠവുമാക്കാന്‍ കഴിയുന്നതാണ്. ശത്രുക്കളെപോലെ വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്തിരുന്ന പരീക്ഷാരീതിക്ക് ഇന്ന് മാറ്റം സംഭവിച്ചിട്ടുണ്ടു കുരുട്ടുചോദ്യങ്ങള്‍ കൊണ്ടു ആക്രമിക്കുന്ന  രീതിയും മാറി. എങ്കിലും പരീക്ഷാനടത്തിപ്പിലും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും മോശമായ അക്കാദമിക പ്രവണതകള്‍ പ്രതിഫലിക്കുന്നു. അക്കാദമികമായ സത്യസന്ധത പുലര്‍ത്തുന്നതില്‍  വിമുഖരായ വലിയ അധ്യാപകസമൂഹം ഇവിടെ ഉള്ളതുകൊണ്ടാണ് ഇന്റേണല്‍  അസസ്സ്മെന്റ് നടപ്പിലാക്കുന്നതിനെ വിദ്യാര്‍ത്ഥികള്‍ എന്നും  എതിര്‍ത്തുപോന്നത്. സൃഷ്ടിപരമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് ഇന്നും  ഉന്നതവിദ്യാഭ്യാസ കരിക്കുലം സജ്ജമായിട്ടില്ല  വിദ്യാഭ്യാസക്രമത്തെ ഉല്‍പാദനക്ഷമമായ അദ്ധ്വാനവുമായി ഐക്യപ്പെടുത്തല്‍  വിഹഗവീക്ഷണത്തില്‍  പരീക്ഷാഫലമാണ് ഉളവാക്കുന്നത്. വിദ്യാഭ്യാസവേളയിലെ തൊഴിലെടുപ്പ് യാഥാര്‍ത്ഥ്യവുമായി കൂടുതല്‍ അടുക്കാനുള്ള അവസരമാണ് ഉണ്ടാക്കുന്നത്.
രാഷ്ട്രീയ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ആദ്യം പഠിക്കേണ്ടത് പാഠ്യപദ്ധതിയാണ്. അതിനോട് സംവദിച്ചുകൊണ്ടാണ് ക്ളാസുമുറികളെ ചലനാത്മകമാക്കേണ്ടത്. ആദ്യ അധ്യയനവാരത്തില്‍ തന്നെ പാഠ്യപദ്ധതി ചര്‍ച്ചചെയ്തുകൊണ്ട്  കൊളീജീയം ആരംഭിക്കണം. അതുകൊണ്ട്  കൂടുതല്‍ മികവ് കൈവരുകയേ ഉള്ളു. ഇവിടെ കൊളീജിയം എന്നു പറഞ്ഞത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല  അക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടത് എന്നതുകൊണ്ടാണ്. കൊളീജിയത്തിന് ഘടന ഉണ്ടാക്കണം.
പാഠ്യപദ്ധതിയെ സമകാലികമാക്കുന്നതിന് എല്ലാ  വിഷയങ്ങള്‍ക്കും ആധുനിക പ്രവണതകളെ പഠനവിധേയമാക്കുന്ന ഒരു പേപ്പര്‍ ആവശ്യമാണ്. ഇത് മാധ്യമങ്ങളെയും വിശേഷിച്ച് ജേണലുകളെയും അടിസ്ഥാനമാക്കിയുള്ളതാകണം. അതിനുള്ള മെറ്റീരിയല്‍ /പാഠഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. രണ്ടാഴ്ച കൂടുമ്പോള്‍ കൊളീജിയം സബ് കമ്മിറ്റിക്ക് ഇത് തീരുമാനിക്കാവുന്നതാണ്.
വിപ്ളവകരമായ അനുകൂലനം
ചോദ്യം ചോദിക്കാന്‍ ആരംഭിക്കുന്നതോടുകൂടിയാണ് വിദ്യാര്‍ത്ഥിത്വത്തിന്റെ വിപ്ളവകരമായ അനുകൂലനം സാധ്യമാകുന്നത്. വിദ്യാഭ്യാസത്തിന്റെ ഉലയില്‍  അക്ഷരം ഊതിക്കാച്ചി അറിവിന്റെ പുതിയ പ്രയോഗങ്ങള്‍ ഉണ്ടാക്കുന്നവരാണ് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഗവേഷണങ്ങള്‍ സങ്കോചിച്ച് സങ്കോചിച്ച് വെറും ബിരുദസമ്പാദനമായി മാറിയിട്ടുണ്ട് . ശാസ്ത്രരംഗത്തെ ഗവേഷണം മിക്കശാഖകളിലും ഇന്നത്തെ വിദ്യാര്‍ത്ഥിക്ക് സാമ്പത്തികവും സാങ്കേതികവുമായ  കാരണങ്ങളാല്‍  അസാധ്യമാണെങ്കിലും മാനവിക വിഷയങ്ങളില്‍  ഈ പ്രതിസന്ധി ഇല്ല . മാത്രമല്ല  വികസിച്ച ലോകസാങ്കേതിക വിദ്യയുടെയും വളരെ സുസജ്ജമായ ഉപകരണ ഹസ്തങ്ങളുടെയും പിന്തുണ അതിനുണ്ട്  പക്ഷെ അവിടെയും ഗവേഷകരില്‍ നിന്നു  അറിവിന്റെ ഉല്‍പ്പാദനം ഉണ്ടാകുന്നത് വളരെ അപൂര്‍വ്വമായ അനുഭവമാണ്.
വളരെ വലിയ ശാസ്ത്രപാരമ്പര്യം ഉള്ള കേരളത്തിലെ അക്കാദമിക പഠനം ഒരു ശാസ്ത്രജ്ഞനെ സൃഷ്ടിച്ചിട്ടുണ്ടോ? എന്നാല്‍ കേരളീയ ശാസ്ത്രജ്ഞരും ഇന്ത്യക്കുവെളിയില്‍  പഠിച്ചവരാണ് എന്ന വസ്തുത ഗൌരവപൂര്‍ണമായി പരിഗണിക്കേണ്ടതല്ലേ ? ഈ രംഗത്ത് ഉണ്ടായ സെല്‍ഫ് ഫൈനാന്‍സ് സംരംഭങ്ങള്‍ സ്ഥിതി കൂടുതല്‍  വഷളാക്കുമെന്നു പറയാനാകൂ. മെഡിക്കല്‍  വിദ്യാഭ്യാസരംഗത്ത് ഗവേഷണോന്‍മുഖമായ സമീപനം കൈകൊള്ളുമ്പോള്‍ ഭൂരിപക്ഷം അദ്ധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും സാമൂഹ്യവിരുദ്ധമായി പ്രതികരിക്കുകയാണ് ചെയ്തത്. ശമ്പളം എന്ന  ആകര്‍ഷകഘടകത്തില്‍  തൂങ്ങിയാണ് പലരും അടങ്ങിയിരിക്കുന്നത് എന്നതും ലജ്ജാകരം.
ഇങ്ങനെയുള്ള ഒരു പശ്ചാത്തലത്തിലാണ് കാമ്പസുകളിലെ വിപ്ളവകരമായ അനുകൂലനത്തെ പറ്റി ചിന്തിക്കേണ്ടത്. അന്വേഷണങ്ങള്‍ ആരംഭിക്കുന്നതിന്റെ തുടക്കം അതിന്റെ പരിമിതികളെക്കുറിച്ചുള്ള ബോധത്തില്‍  നിന്നാകണം. ചില വിശ്വാസങ്ങളിലും, സിദ്ധാന്തങ്ങളിലും ചെന്നുമുട്ടി ഗതിയടഞ്ഞു പോകാതെ അന്വേഷണങ്ങളെ എപ്പോഴും സംരക്ഷിക്കാന്‍ കഴിയണം. ഇതിന് പരിമിതികളെക്കുറിച്ചുള്ള ബോധം അനിവാര്യമാണ്. വിദ്യാര്‍ത്ഥി ഒരു മാധ്യമത്തിന്റെയും അനുസരണയുള്ള പിന്തുടര്‍ച്ചക്കാരനാകരുത്.
നാം ഒരു കാര്യം പഠിക്കുമ്പോള്‍ ക്ളാസുമുറികളുടെ നാലതിരുകളെ,  സിലബസിന്റെ എട്ടതിരുകളെ എങ്ങനെ മുറിച്ചുകടക്കാം എന്ന ബോധത്തിലേക്ക് ഉണരണം. ഒരാളുടെ ജീവിതത്തെ മഹത്ത്വപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ പരിമിതികളെക്കുറിച്ചുള്ള ബോധമാണ്. ഓരോന്നിന്റെയും പരിമിതികളെക്കുറിച്ചുള്ള ബോധമുണ്ടങ്കില്‍ മാത്രമേ നിങ്ങള്‍ക്കതിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനാകൂ. നാം ഒരു രാഷ്ട്രീയപ്രവര്‍ത്തകനാകുമ്പോള്‍, നമ്മുടെ സംഘടനയ്ക്കപ്പുറത്ത് വിശാലമായ ഒരു ലോകമു നമ്മുടെ ക്ളാസുമുറിയ്ക്കപ്പുറത്ത് വിശാലമായ ഒരു സമൂഹമുണ്ടന്നും  കക്ഷിരാഷ്ട്രീയത്തിന്റെ പരിമിതികളെ എങ്ങനെ മുറിച്ചു കടക്കാമെന്നും ബോധവാനാകണം. അപ്പോള്‍ എന്നെക്കാള്‍ വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരുണ്ടന്നും  അല്ലങ്കില്‍  അവരുടെ പ്രശ്നങ്ങള്‍ എന്റെ പോലെയാണെന്നും  ഈ വിശാലമായ ലോകത്തില്‍  മനുഷ്യന്‍ എന്ന ജീവി മാത്രമല്ലന്നും  മനുഷ്യജീവിതത്തെ താങ്ങിനിര്‍ത്തുന്ന അനേകം ജീവജാതികളും പ്രകൃതി പ്രതിഭാസങ്ങളും ഉണ്ടന്നും  അവയെല്ലാം  സംരക്ഷിക്കപ്പെടണമെന്നുമുള്ള ബോധം നമ്മിലുണ്ടാകും. മാര്‍ക്സിസത്തിന്റെ ഏറ്റവും വലിയശക്തി അതിന്റെ നിത്യന്യൂതനത്വമാണ്. ശാസ്ത്രമായതുകൊണ്ടാണ് അത് നിത്യനൂതനമാകുന്നത്. പ്രകൃതിയുടെ നിലനില്പിന്റെ ആധാരവും ഈ നിത്യനൂതനത്വമാണ്. വസ്തുനിഷ്ഠപ്രകൃതിയെ സ്വാംശീകരിച്ചുകൊണ്ട്  പുതിയ കാലാവസ്ഥകളെയും പുതിയ തലമുറയുടെ ജൈവപ്രവണതകളെയും ഉള്‍കൊണ്ട്  അതിനു മുന്നോട്ടു പോകാന്‍ കഴിയുന്നിടത്താണ് മാര്‍ക്സിസത്തിന്റെ ചൈതന്യം ഇരിക്കുന്നത്. അതുകൊണ്ടാണ് ലെനിന്‍ പറഞ്ഞത് “മാനവരാശി സൃഷ്ടിച്ചിട്ടുള്ള എല്ലാ മൂല്യങ്ങളെയും കുറിച്ച് അറിവുനേടിക്കൊണ്ട്  മനസ്സിനെ സമ്പന്നമാക്കുമ്പോള്‍ മാത്രമെ ഒരാള്‍ക്ക് കമ്മ്യൂണിസ്റുകാരനാകാന്‍ കഴിയൂ”. പ്രയോജനമില്ലാത്തതും, ആവശ്യമില്ലാത്തതും, കഴമ്പില്ലാത്തതുമായ കുറെ അറിവ് അരച്ചുകലക്കി കുടിക്കാന്‍ നിര്‍ബന്ധിച്ച് ബുദ്ധി മുരടിപ്പിക്കുന്നതും ഉദ്യോഗസ്ഥ മേധാവികളാക്കി മാറ്റുകയും ചെയ്യുന്ന  വിദ്യാഭ്യാസക്രമത്തെ ലെനിന്‍ നന്നായി  വിമര്‍ശിക്കുന്നുണ്ട് 
ഇ.എം.എസിന്റെ ഈ നിരീക്ഷണവും വിദ്യാര്‍ത്ഥിത്വത്തിന്റെ മൂശയായി തീരേണ്ടതാണ്. “തലമുറ തലമുറയായി ലോകത്തിന്റെ നാനാഭാഗത്തു നടന്ന  സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഫലമായി വളര്‍ന്നു വന്ന  സാമൂഹ്യമായ ബുദ്ധിശക്തിയുടെ ഉടമാവകാശം വഹിച്ചുകൊണ്ടാണ് മഹാന്മാര്‍ ജന്മമെടുക്കുന്നത്. നെഹ്റുവും ഗാന്ധിജിയും ടാഗോറും സി.വി.രാമനും രാധാകൃഷ്ണനും വള്ളത്തോളുമെല്ലാം  അവരവര്‍ എത്തിപ്പെട്ട സ്ഥാനം വരെ വളര്‍ന്നത് ചരിത്രാതീതകാലം മുതല്‍ക്കേ മനുഷ്യര്‍ സംഭരിക്കാന്‍ തുടങ്ങിയ  അനര്‍ഘ സമ്പത്ത് അവരിലോരോരുത്തര്‍ക്കും എടുത്തുപയോഗിക്കാന്‍ കഴിഞ്ഞതിനാലാണ്!”
വിദ്യാഭ്യാസം എന്നത് സാമൂഹിക പ്രക്രിയയിലുള്ള ക്രിയാത്മക പങ്കാളിത്തത്തെ ഉറപ്പുവരുത്തുന്ന നിത്യനൂതനമായ ആജീവനാന്ത പ്രക്രിയ ആണെന്നും  അതില്‍  സമ്പൂര്‍ണമായ മാനവികതയെ പ്രതിനിധീകരിക്കാന്‍ എന്നുമെനിക്ക് കഴിയുന്നുണ്ടന്നും  ഉറപ്പുവരുത്താന്‍ എന്നിലൊരു വിദ്യാര്‍ത്ഥി ഉണ്ടാകും  എന്നത് അഭിമാനിക്കാന്‍ കഴിയുന്നതാണ് ജീവിതം.
ചില വിചാരങ്ങള്‍ പങ്കുവെച്ചെന്നു മാത്രം കരുതുക ......      

1 comment: